പാലക്കാട്: മയക്കുമരുന്ന് കേസിൽ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലോട് സ്വദേശി സാലി എന്ന അബ്ദുൾ സലിം ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മണ്ണാർക്കാട് പാലോട് ഭാഗത്ത് നിന്ന് 189.5 കിലോ കഞ്ചാവും 308 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയ കേസിലെ പ്രതിയാണ് സാലി. മയക്കു മരുന്ന് പിടികൂടിയതോട പ്രതി ഒളിവിൽ പോവുകയായിരുന്നു.
തമിഴ്നാട് പുരവി പാളയം എന്ന സ്ഥലത്ത് മിറാക്കിൾ ഹോളോബ്രിക്‌സ് എന്ന സ്ഥാപനത്തിൽ രഹസ്യമായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ എക്സൈസ് സംഘം കണ്ടെത്തിയത്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ, പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.
സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൾ സലിമിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു, യാസർ അറഫാത്ത്, രാജേഷ്, ഡ്രൈവർ രാഹുൽ എന്നിവർ ഉണ്ടായിരുന്നു. മണ്ണാർക്കാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.