കോട്ടയം: ഡ്രൈവറെ മർദിച്ചെന്ന പരാതിയിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ കേസെടുത്ത് പോലീസ്. കെ.സി ജോസഫിന്റെ മകൻ രഞ്ജു ജോസഫിനെതിരെയാണു ചിങ്ങവനം പോലീസ് കേസെടുത്തത്. കെ.സി ജോസഫിന്റെ ഡ്രൈവർ ഗാന്ധിനഗർ സ്വദേശി സിനുവാണ് പരാതിക്കാരൻ.
അതേസമയം ഡ്രൈവറാണ് അക്രമിച്ചത് എന്നാരോപിച്ചു രഞ്ജു ജോസഫും പരാതിയുമായി രംഗത്തെത്തി. രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ കെ.സി ജോസഫിനെ എത്തിക്കാൻ സിനു പോയിരുന്നു. അവിടെ നിന്ന് അതിവേഗം മടങ്ങിയെത്തണമെന്ന് രഞ്ജു ജോസഫ് ഫോൺ വിളിച്ച് ആവശ്യപ്പെട്ടതായി സിനു പറയുന്നു. എന്നാൽ, എ.സി റോഡിൽ ഗതാഗതക്കുരുക്കായതിനെ തുടർന്നു സിനു എത്താൻ വൈകി. ഇതിനിടെ എം.സി റോഡിൽ മണിപ്പുഴ ഭാഗത്ത് വച്ച് ഇന്നോവയിലെത്തിയ രഞ്ജു ജോസഫ് വാഹനം തടഞ്ഞ് മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സിനു ആദ്യം വെസ്റ്റ് പോലീസ് സ്‌റ്റേഷനിൽ എത്തുകയും പിന്നാലെ ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
സിനുവിന്റെ മൊഴിയെടുത്ത ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ സിനു മർദിച്ചതായി കാട്ടി രഞ്ജുവും ചികിത്സ തേടി. ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്ക് എത്താൻ പതിവിൽ കൂടുതൽ സമയം എടുത്ത സിനുവിനെ ചോദ്യം ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നാണു രഞ്ജുവിന്റെ വാദം. രാത്രി 9.30 ന് കെ.സി ജോസഫിനെ ആലപ്പുഴയിൽ നിന്നു ട്രെയിൻ കയറ്റി വിട്ടെങ്കിലും, 12 മണിയായിട്ടും തിരികെ വീട്ടിലേക്ക് വണ്ടിയുമായി സിനു എത്തിയില്ല. തുടർന്ന്, തന്റെ വീട്ടിലുണ്ടായിരുന്ന മറ്റൊരു വാഹനവുമായി കാര്യം അന്വേഷിക്കാൻ പോയി. മണിപ്പുഴ ഭാഗത്ത് വച്ചു വാഹനം കണ്ടെത്തുകയും സിനുവിനോട് കാര്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഇതിനിടെ സിനു മോശമായി പെരുമാറിയെന്നും വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്‌തെന്നും രഞ്ജു പറയുന്നു. മുൻപും വാഹനം ഓടിച്ചു സിനു അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നു രഞ്ജു ആരോപിക്കുന്നുി. ഇപ്പോൾ കേസ് നൽകിയത് മറ്റെന്തോ ലക്ഷ്യത്തോടെയാണോ എന്നു സംശയിക്കുന്നതായും രഞ്ജു ജോസഫ് പറഞ്ഞു. രഞ്ജുവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.