Logo Below Image
Friday, July 25, 2025
Logo Below Image
Homeകേരളംആശുപത്രിയിൽനിന്നുവിട്ട യുവതിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ.

ആശുപത്രിയിൽനിന്നുവിട്ട യുവതിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ.

മഞ്ചേരി : സ്രവ പരിശോധനാഫലം വരുന്നതിനുമുൻപ് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ്ചെയ്ത യുവതിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ. മഞ്ചേരി വേട്ടേക്കോട്ടെ മുപ്പത്തിരണ്ടുകാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലാബ് റിപ്പോർട്ട് വരുന്നതിനുമുൻപ് രോഗിയെ ഡിസ്ചാർജ് ചെയ്തത് ഗുരുതരമായ മെഡിക്കൽ അനാസ്ഥയാണെന്ന് ആരോപണമുയർന്നു. ഇവരെ ചൊവ്വാഴ്ച ആശുപത്രിയിലെത്തിച്ച് വീണ്ടും സ്രവ സാംപിൾ ശേഖരിക്കും. കൂടുതൽ കൃത്യമായ ഫലം ലഭിക്കുന്നതിനായി സാംപിൾ പുണെയിലെ വൈറോളജി ലാബിലേക്കയക്കും. കടുത്ത പനിയും തലവേദനയും കാരണം കഴിഞ്ഞ 27-നാണ് ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവരുടെ സി.എസ്.എഫ്. (സെറിബ്രൽ സ്‌പൈനൽ ഫ്ളൂയിഡ്) സാംപിൾ കോഴിക്കോട് മെഡിക്കൽകോളേജിലെ വി.ഡി.ആർ. ലാബിലേക്ക് അയച്ചു. പനി മാറിയതോടെ ഈ മാസം നാലിന് ഇവരെ ഡിസ്ചാർജ്ചെയ്തു. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടെ ലാബിൽനിന്ന് പരിശോധനാഫലം വന്നപ്പോഴാണ് ഇവർക്ക് വെസ്റ്റ്‌നൈൽ വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം പനി ബാധിച്ച് അമ്മയും ഭർത്താവും കുട്ടിയും ചികിത്സതേടിയിരുന്നെങ്കിലും ഇവരുടെ അസുഖം വേഗം ഭേദമായി. ഇവരുടെ സ്രവ സാംപിളുകളും ചൊവ്വാഴ്ച ശേഖരിക്കും. വൈറസ് ബാധ സ്ഥിരീകരിച്ച റിപ്പോർട്ടെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും രോഗപ്രതിരോധപ്രവർത്തനങ്ങൾ നടത്തേണ്ട മെഡിക്കൽകോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം സംഭവം അറിഞ്ഞതേയില്ല.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രിൻസിപ്പലിനും കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനും വിവരം ലഭിച്ചത്. ആശുപത്രിയിലെ ഇരുവിഭാഗം ജീവനക്കാർ തമ്മിലുള്ള ചേർച്ചയില്ലായ്‌മയാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം. അതേസമയം രോഗപ്രതിരോധ നടപടികൾ തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ പറഞ്ഞു. ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌നൈൽ. പക്ഷികളിലും ഈ വൈറസ് ബാധയുണ്ടാകാറുണ്ട്. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് ഛർദി, ചൊറിച്ചിൽ തുടങ്ങിയവയുമുണ്ടാകും. ഒരുശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതിനാൽ മരണംവരെ സംഭവിക്കാം. 2019-ൽ ജില്ലയിൽ ആറുവയസ്സുകാരൻ വെസ്റ്റ്‌നൈൽ ബാധിച്ച് മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ