Thursday, January 9, 2025
Homeകേരളംവയനാട് ദുരന്തം: പുനരധിവാസത്തിന് വേണ്ടത് 3500 കോടിയോളം; വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമര്‍പ്പിക്കും.

വയനാട് ദുരന്തം: പുനരധിവാസത്തിന് വേണ്ടത് 3500 കോടിയോളം; വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമര്‍പ്പിക്കും.

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകക്കൊപ്പം സംസ്ഥാന ഖജനാവിൽ നിന്ന് പണം ചിലവാക്കി പുനരധിവാസം നടത്താനാണ് സർക്കാരിന്‍റെ തീരുമാനം.

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കണ്ട് ബോധ്യപ്പെട്ടു എന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്. ടൗൺഷിപ്പ്, വീട് അടക്കമുള്ള പുനർനിർമാണത്തിന് 2000 കോടിയും, ജീവനോപാധി നഷ്ടപ്പെട്ടത് തിരികെ നൽകുക എന്നതിനടക്കം 1200 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. മറ്റ് അധിക ചെലവുകൾ സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.ഇതെല്ലാം കൂടി ഒറ്റയ്ക്ക് താങ്ങില്ല എന്ന ബോധ്യം സംസ്ഥാന സർക്കാരിനുണ്ട്.

ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെ, കേന്ദ്രത്തിൽ നിന്ന് പരമാവധി സഹായമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്.ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. പ്രകൃതിദുരന്തത്തിൽ അതിതീവ്ര നാശനഷ്ടമുണ്ടാകുമ്പോൾ പ്രഖ്യാപിക്കുന്ന L3 പട്ടികയിൽപ്പെടുത്തിയാലും സംസ്ഥാനത്തിന് പുനരധിവാസത്തിന് ആവശ്യമായ പണം കിട്ടും. എൽ 2 പട്ടികയിൽ പെടുത്തുകയാണെന്നുണ്ടെങ്കിൽ പണം കുറയും.

പ്രാഥമികമായ കാര്യങ്ങൾ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അടക്കമുള്ളവർ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നഷ്ടത്തിന്‍റെ പൂർണമായി കണക്കെടുത്ത്, ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന പണത്തിനൊപ്പം സംസ്ഥാന ഖജനാവിൽ നിന്നും, ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് കണ്ടെത്തി പുനരധിവാസം വേഗത്തിൽ പൂർത്തീകരിക്കാനാണ് സർക്കാരിന്‍റെ ആലോചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments