തൊടുപുഴ: സമീപ പ്രദേശങ്ങളിൽ അതിശക്തമായ മഴപെയ്ത സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി, പാമ്പ്ല ഡാമുകൾ തുറക്കുന്നു. വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമുകളിലെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നത്.പാമ്പ്ല, കല്ലാർകുട്ടി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്‍റെ ഭാഗമായാണ് ഇന്ന് രാവിലെ ആറുമണി മുതൽ ഈ ഡാമുകളിലെ ഷട്ടറുകൾ തുറന്ന് യഥാക്രമം 600 ക്യൂമെക്സ്, 300 ക്യൂമെക്സ് വെള്ളം പുറത്തേക്ക് വിടുന്നത്.
മുതിരപ്പുഴയാർ, പെരിയാർ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.കഴിഞ്ഞദിവസം ഭൂതത്താന്‍കെട്ട് ബാരേജിലെ വെളളം നിയന്ത്രണവിധേയമായി തുറന്നുവിടുമെന്ന് എറണാകുളം ജില്ലാ കളക്ടറും പറഞ്ഞിരുന്നു.
മഴ ശക്തിപ്രാപിക്കുന്നതിനാല്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായാണ് ജലം തുറന്നുവിടുന്നത്. ഇന്നലെ മുതൽ കൂടുതല്‍ വെളളം പുഴയിലേക്ക് നിയന്ത്രണ വിധേയമായി തുറന്നു വിടുന്നുണ്ട്. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.