കോട്ടയ്ക്കൽ.–സ്വർണക്കടത്ത് ഒറ്റിക്കൊടുത്തെന്ന സംശയത്തിൽ ക്വട്ടേഷൻ സംഘം യുവാവിനെ മർദിച്ചശേഷം റോഡിൽ ഉപേക്ഷിച്ചു. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്‌റ്റു ചെയ്തു. സാരമായി പരുക്കേറ്റ ആട്ടീരിപ്പടി മസൂദ് ഹൗസിൽ ഷഹദ് (30) ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളിലൊരാളിന്റെ സഹോദരനായ ഇന്ത്യനൂർ പുളിക്കൽ മുഹമ്മദ് നബീലിനെ (23)യാണ് പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
പത്തുപേരടങ്ങിയ സംഘം രണ്ടത്താണിയിലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദിച്ചശേഷം ദേശീയപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രവാസിയായ ഷഹദ് മാസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. കരിപ്പൂരിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചിലർ പിടിയിലായിരുന്നു. ഇവരെക്കുറിച്ച് വിവരം നൽകിയത് ഷഹദ് ആണെന്നാരോപിച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഒറ്റിക്കൊടുത്തതു മൂലമുണ്ടായ നഷ്ടത്തിനു പരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു മർദനം. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
— – – – – – – – –