ന്യൂഡൽഹി: വയനാട് മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സ്ഥിതിഗതികൾ ചോദിച്ചറിയുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.
വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തമാണുണ്ടായത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.
മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.4 00ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.