Monday, January 6, 2025
Homeഇന്ത്യവന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന് മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ദീര്‍ഘദൂര, ഇടത്തരം ദൂരം യാത്ര ലക്ഷ്യമിട്ടുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബര്‍ 31 മുതൽ നടത്തി വരികയാണ്. ജനുവരി അവസാനം വരെ പരീക്ഷണ ഓട്ടം തുടരും. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള ട്രെയിന്‍ യാത്ര വൈകാതെ ലഭ്യമായി തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു.

കോട്ടാ ഡിവിഷനില്‍ നടക്കുന്ന പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 32 സെക്കന്‍ഡ് നീളുന്നതാണ് വീഡിയോ. ട്രെയിനിന്റെ വേഗത കാണിക്കുന്ന മൊബൈല്‍ ഫോണും ഒരു ഗ്ലാസ് നിറയെ വെള്ളവും വീഡിയോയില്‍ കാണാന്‍ കഴിയും. ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ എത്തുമ്പോഴും ഗ്ലാസിലെ വെള്ളം പുറത്തേക്ക് പോകാതെ ഇരിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

വ്യാഴാഴ്ച രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ടയ്ക്കും ലബനുമിടയിലെ 30 കിലോമീറ്റര്‍ ദൂരത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഒരു ദിവസം മുമ്പ് റോഹല്‍ ഖുര്‍ദ് മുതല്‍ കോട്ട വരെയുള്ള 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണ ഓട്ടത്തില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗത കൈവരിച്ചിരുന്നു.

‘‘അതേ ദിവസം തന്നെ കോട്ട-നാഗ്ദ, റോഹല്‍ ഖുര്‍ദ്-ചൗമഹ്ല റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടത്തില്‍ യഥാക്രമം മണിക്കൂറില്‍ 170 കി.മീ., 160 കി.മീ. വേഗതയും കൈവരിച്ചിരുന്നു. ഈ പരീക്ഷണങ്ങള്‍ ലഖ്‌നൗവിലെ ആര്‍ഡിഎസ്ഒയുടെ മേല്‍നോട്ടത്തി ജനുവരിയിലും തുടരും,’’ റെയില്‍വേ മന്ത്രാലയം അറിയിച്ചു.

“ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍, പരമാവധി വേഗതയില്‍ റെയില്‍വെ സുരക്ഷാ കമ്മിഷണറും ട്രെയിന്‍ യാത്ര വിലയിരുത്തും. അവസാനഘട്ട പരിശോധനങ്ങളും പൂര്‍ത്തിയായതിന് ശേഷം മാത്രമെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേയ്ക്ക് സാധാരണയുള്ള സര്‍വീസിനായി കൈമാറുകയുള്ളൂ,’’ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

“പരീക്ഷണം വിജയകരമായതിലൂടെ, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഡല്‍ഹി മുതല്‍ മുംബൈ വരെയും ഹൗറ മുതല്‍ ചെന്നൈ വരെയുമുള്ള നിരവധി റൂട്ടുകളില്‍ ലോകോത്തര നിലവാരമുള്ള യാത്രാ അനുഭവം യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്,’’ മന്ത്രാലയം പറഞ്ഞു.

ട്രെയിനിന് സുരക്ഷിതത്വം ഒരുക്കുന്ന ഓട്ടോമാറ്റിക് സംവിധാനമായ കവച്, ഏറ്റവും പുതിയ തീപ്പിടിത്ത സുരക്ഷാ മാനദണ്ഡങ്ങള്‍, കുലുക്കം കുറയ്ക്കുന്ന സെമി-പെര്‍മനന്റ് കപ്ലറുകളും ആന്റി-ക്ലൈബേഴ്‌സും ഊര്‍ജ കാര്യക്ഷമത ഉറപ്പു വരുത്തുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ഒരുക്കിയിട്ടുള്ളതായി കേന്ദ്ര റെയില്‍വെ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments