തെലുങ്ക് നൃത്തസംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ഗോവയിൽവെച്ച് സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്.
സഹപ്രവര്‍ത്തകയായ 21കാരിയുടെ ലൈംഗിക പീഡനാരോപണത്തേത്തുടർന്ന് ഒളിവിലായിരുന്നു ജാനി മാസ്റ്റർ. പ്രതിയെ ഹൈദരാബാദിലെ കോടതിയിൽ ഉടൻ ഹാജരാക്കും.ഈ മാസം 16നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈംഗിക പീഡന ആരോപണവുമായി രംഗത്തെത്തിയത്.
ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥിനിയായിരുന്നു യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങി. സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ നർസിങ്കിയിലുള്ള വസതിയിൽവെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി റായ്ദുർഗ് പൊലീസിൽ നൽകിയ പരാതിയിലുണ്ടായിരുന്നു. തുടരന്വേഷണത്തിനായ് കേസ് നർസിങ്കി പൊലീസിന് കൈമാറുകയായിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിൽ ബുധനാഴ്ചയാണ് സൈബരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള നർസിങ്കി പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. തുടർന്നാണ് ജാനി മാസ്റ്റർ ഒളിവിൽപ്പോയത്.സ്വന്തം കൈപ്പടയിലെഴുതിയ 40 പേജുള്ള പരാതിയും അനുബന്ധ രേഖകളും യുവതി തെലങ്കാന വനിതാ കമ്മീഷന് നൽകിയിട്ടുണ്ട്. യുവതിക്ക് പൊലീസ് സുരക്ഷ ഒരുക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൺ ചെയർപേഴ്സൺ നെരേലാ ശാരദ പ്രതികരിച്ചു.
ദേശീയ പുരസ്കാരമുൾപ്പെടെ നേടിയിട്ടുള്ള നൃത്തസംവിധായകനാണ് ജാനി മാസ്റ്റർ. സ്ത്രീ 2, ബാഹുബലി, ബീസ്റ്റ്, ജയിലര്‍, തിരുച്ചിട്രമ്പലം തുടങ്ങി ഒട്ടേറെ സിനിമകളുടെ നൃത്തസംവിധായകനാണ്.
അടുത്തിട പ്രഖ്യാപിച്ച 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നൃത്തസംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രി പവൻ കല്യാണുമായും അദ്ദേഹത്തിന്റെ ജനസേനാ പാർട്ടിയുമായും ഏറെ അടുപ്പംപുലർത്തുന്നയാളാണ് ജാനി മാസ്റ്റർ. പോക്സോ കേസിലുൾപ്പെട്ടതിനാൽ ജനസേനാ പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാൻ പാർട്ടി ജാനിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.