ഗുജറാത്ത് —200 കോടിയുടെ സ്വത്തുക്കള്‍ ത്യജിച്ച് ഗുജറാത്തിലെ സമ്പന്ന ജൈന്‍ കുടുംബത്തിലെ ദമ്പതികള്‍ സന്യാസം സ്വീകരിച്ചു. ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ വെച്ച് തങ്ങളുടെ സമ്പാദ്യം ഉപേക്ഷിച്ചത്. ഒരു ട്രക്കിന് മുകളില്‍ കയറി നിന്ന് തങ്ങളുടെ പണം കാണികള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു അവര്‍.
ഗുജറാത്തിലെ ഹിമ്മത്ത്‌നഗര്‍ സ്വദേശികളാണ് ഭവേഷും ഭാര്യയും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തുന്നവരാണ്. 2022ലാണ് ഇവരുടെ 19 ഉം 16ഉം വയസ്സുള്ള മക്കള്‍ സന്യാസം സ്വീകരിച്ചത്. മക്കളുടെ വഴി സ്വീകരിച്ച ദമ്പതികള്‍ ജൈന സന്യാസിമാരാകാന്‍ തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരിയിലാണ് ഇവര്‍ തങ്ങളുടെ സമ്പാദ്യം ഉപേക്ഷിക്കുന്നതിനായി വലിയൊരു ഘോഷയാത്ര നടത്തിയത്. ഘോഷയാത്രയില്‍ ആഡംബര വസ്ത്രങ്ങള്‍ ധരിച്ചാണ് ദമ്പതികള്‍ പ്രത്യക്ഷപ്പെട്ടത്. രഥം പോലെ അലങ്കരിച്ച ഒരു ട്രക്കിലാണ് ഇവര്‍ ഘോഷയാത്ര സംഘടിപ്പിച്ചത്. ശേഷം തങ്ങളുടെ ആഡംബര വസ്ത്രങ്ങളും പണവും അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഏപ്രില്‍ 22ന് ഇവര്‍ ഔദ്യോഗികമായി സന്യാസം സ്വീകരിക്കും. ഇതോടെ കുടുംബവുമായുള്ള ബന്ധങ്ങളും സമ്പാദ്യവും ഇവര്‍ ഉപേക്ഷിക്കും. ഇതിന് ശേഷം നഗ്നപാദരായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് ഭിക്ഷ യാചിച്ച് ജീവിക്കുന്ന ജീവിത ശൈലിയാണ് ഇവര്‍ക്ക് പിന്തുടരേണ്ടി വരിക. ഇക്കഴിഞ്ഞ ജനുവരിയിലും സമാനമായ സംഭവം നടന്നിരുന്നു. ഗുജറാത്തിലെ വജ്രവ്യാപാരിയുടെ എട്ട് വയസ്സുകാരിയായ മകള്‍ സന്യാസം സ്വീകരിക്കാന്‍ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.