ബാംഗ്ലൂർ –കൊറിയർ ജീവനക്കാർ ചമഞ്ഞു പണം തട്ടൽ. റിട്ടയേർഡ് എൻജിനീയറിൽ നിന്ന് തട്ടിപ്പുകാർ 1.6 കോടി രൂപ കൈക്കലാക്കി. കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിശോധന തടയാനെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉദ്യോഗസ്ഥനോട് തുക ആവശ്യപ്പെട്ടത്.
എൻജിനീയർ കൊറിയർ വഴി അയച്ച പാക്കേജിൽ കുറ്റകരമായ രേഖകളും മയക്കുമരുന്നുമുണ്ടെന്നും അത് അന്വേഷണ ഏജൻസികൾക്ക് അറിയാമെന്നും അന്താരാഷ്ട്ര കൊറിയർ സർവീസിലെ ജീവനക്കാരായി നടിച്ച പ്രതികൾ അവകാശപ്പെട്ടു.
അന്വേഷണം അവസാനിച്ചാലുടൻ തുക തിരികെ നൽകുമെന്ന് പറഞ്ഞ് പ്രതികൾ ഡെപോസിറ്റ് ആവശ്യപ്പെട്ടതായും എഞ്ചിനീയർ അവർക്ക് 1.6 കോടി രൂപ നൽകിയതായും പോലീസ് പറഞ്ഞു.
മെയ് 2 മുതൽ 6 വരെയുള്ള തീയതികൾക്കിടയിലാണ് ഇടപാടുകൾ നടക്കുന്നത്, ഈ സംഭവം അദ്ദേഹം മകളോട് പറഞ്ഞപ്പോൾ മകൾ പോലീസിനെ അറിയിക്കുകയായിരുന്നു.
മംഗളൂരു നഗരത്തിലെ സൈബർ ഇക്കണോമിക്ക് ആൻഡ് നാർക്കോട്ടിക്സ് ക്രൈം പോലീസ് സ്റ്റേഷനിൽ സംഭവുമായി ബന്ധപെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇത്തരത്തിൽ തട്ടിപ്പുകാർക്ക് ഇരയാകുകയും ഭീമമായ തുക നഷ്ടപ്പെടുകയും ചെയ്യുന്ന സംഭവം ഇതാദ്യമല്ല.
ജനുവരിയിൽ ബംഗളൂരുവിലെ ഒരു മുതിർന്ന പത്രപ്രവർത്തകയും ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. ഫെഡെക്സ് സ്റ്റാഫ് എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പുകാർ ആയിരുന്നു പ്രതികൾ. ഡിസംബർ 15 മുതൽ 23 വരെയുള്ള കാലയളവിൽ 48 ലക്ഷം രൂപ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് വഴി യുവതി തട്ടിപ്പുകാരുടെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. യുവതി കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വിവരം പോലീസിൽ അറിയിക്കുകയും അവർ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 37 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തു. ബാക്കിയുള്ള തുകയെപ്പറ്റിയുള്ള വിചാരണ നടക്കുന്നതായും പണം വീണ്ടെടുക്കാൻ ശ്രമം നടക്കുന്നതായും പോലീസ് അറിയിച്ചു.