റിയോ ഡി ജനീറോ: പരിശീലകനായും കളിക്കാരനായും ഫുട്ബാൾ ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരമായ മരിയോ സഗല്ലോ അന്തരിച്ചു.
ബ്രസീലിന്റെ എക്കാലത്തെയും ജനകീയ താരങ്ങളിലൊരാളായ സഗല്ലോക്ക് 92 വയസ്സായിരുന്നു.
1958ലും ’62ലും ബ്രസീൽ ലോകകപ്പ് ജേതാക്കളായപ്പോൾ ടീമിൽ സഗല്ലോയുമുണ്ടായിരുന്നു. 1970ൽ ബ്രസീൽ മൂന്നാം കിരീടം ചൂടുമ്പോൾ പരിശീലകൻ ഇദ്ദേഹമായിരുന്നു.
1994ൽ ബ്രസീൽ ജേതാക്കളായപ്പോൾ സഗല്ലോ സഹ പരിശീലകന്റെ റോളിൽ ടീമിനൊപ്പമുണ്ടായിരുന്നു. പ്രഫസർ’ എന്നറിയപ്പെട്ട ഇദ്ദേഹം ’98ലെ ലോകകപ്പിലും മഞ്ഞപ്പടയെ പരിശീലിപ്പിച്ചു.
1958ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ ജീവിച്ചിരുന്ന അവസാന കളിക്കാരൻകൂടിയാണ് വിടവാങ്ങുന്നത്.
ഭാര്യ: പരേതയായ അൽസിന ഡി കാസ്ട്രോ.
മക്കൾ: മരിയോ സീസർ, പൗലോ ജോർജ്, മരിയ എമിലിയ, മരിയ ക്രിസ്റ്റീന.