മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരാണെന്ന് റിപ്പോർട്ട്.ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.
പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിരിക്കുന്നത്. പരിക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു.ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്.വിനോദസഞ്ചാര കേന്ദ്രമായ എലിഫന്‍റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി.
ബോട്ട് അപകടത്തിൽ ഇതുവരെ 13 പേർ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി. ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും ലഭിക്കുന്നത്.