പട്ന: ബിഹാറില്‍ കാവഡ് യാത്രികർ സഞ്ചരിച്ചിരുന്ന ഡി.ജെ ട്രോളി ഹൈവോള്‍ട്ടേജ് വൈദ്യുതി ലൈനില്‍ തട്ടി ഒമ്പത് തീർഥാടകർക്ക് ദാരുണാന്ത്യം.
ബീഹാറിലെ ഹാജിപൂരിലെ ഇൻഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുല്‍ത്താൻപൂർ ഗ്രാമത്തിലാണ് സംഭവം. ആറ് പേർക്ക് പൊള്ളലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
സോനെപൂരിലെ ബാബ ഹരിഹർനാഥ് ക്ഷേത്രത്തില്‍ ജലാഭിഷേകം നടത്താനായി കാവഡ് യാത്രികർ ഡി.ജെ ട്രോളിയില്‍ പോകുമ്ബോഴായിരുന്നു അപകടം. യാത്രയ്ക്കിടെ സുല്‍ത്താൻപൂരിലെ ഹൈടെൻഷൻ ലൈനില്‍ ട്രോളിയുടെ ഇരുമ്ബ് ഭാഗം തട്ടുകയായിരുന്നു.
രവി കുമാർ, രാജാ കുമാർ, നവീൻ കുമാർ, അംറേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലു കുമാർ, ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്. ഇവരില്‍ പ്രായപൂർത്തിയാവത്ത ഒരാളും ഉള്‍പ്പെടുന്നു. എട്ടു പേർ സംഭവസ്ഥലത്തു വച്ചും ഒരാള്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ഹാജിപൂരിലെ സദർ ആശുപത്രിയിലും മറ്റു നാലു പേർ പ്രദേശത്തെ നഴ്സിങ് ഹോമിലും ചികിത്സയിലാണ്.
ഡി.ജെ ട്രോളി 11,000 വോള്‍ട്ട് വയറില്‍ തട്ടിയതോടെയാണ് അപകടമുണ്ടായതെന്ന് സദർ എസ്.ഡി.പി.ഒ ഓംപ്രകാശ് പറഞ്ഞു. അപകട സമയം ട്രോളിയില്‍ നിരവധി പേരുണ്ടായിരുന്നു. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.