ബിസിസിഐയുടെ പാരിതോഷികം സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലഭിക്കുക ആറ് കോടി. 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുകയുടെ അഞ്ച് ഇരട്ടി കൂടുതലായിട്ടാണ് ബിസിസിഐ ടീമിന് നല്‍കുന്നത്.
വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ തുക പ്രഖ്യാപിച്ച സമയത്ത് വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഓരോ താരത്തിനും കോച്ചിംഗ് സ്റ്റാഫിനും എത്ര ലഭിക്കുമെന്നുള്ളതിന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടെയുള്ള 15 കളിക്കാര്‍ക്ക് 6 കോടി രൂപ വീതം ലഭിക്കും. ശേഷിക്കുന്ന 41 കോടി പരിശീലകര്‍ക്കും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനും പങ്കിട്ട് നല്‍കും.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം.



