ന്യൂഡൽഹി; ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡറില്‍ നടത്തിയ ലേസര്‍ ബീം പരീക്ഷണം വിജയകരമായതായി നാസ. നിലവില്‍ ചന്ദ്രനെ ചുറ്റുന്ന നാസയുടെ ബഹിരാകാശ പേടകം വിക്രത്തിലേക്ക് അയച്ച ലേസര്‍ കിരണങ്ങള്‍ നാസയുടെ തന്നെ പഠനോപകരണം പിടിച്ചെടുക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്തു. ചന്ദ്രനിലെ എല്ലാ വസ്തുക്കളെയും കൃത്യമായി കണ്ടെത്താനുള്ള പുതിയ മാര്‍ഗത്തിന്റെ സാധ്യതകളാണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്.
2009 ജൂണ്‍ മുതല്‍ ചന്ദ്രനെ ചുറ്റുന്ന നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ഡിസംബര്‍ 12നാണ് ലേസര്‍ ബീം പരീക്ഷണം നടത്തിയിരുന്നത്. ഇതിന്റെ ഫലം വെള്ളിയാഴ്ചയാണ് നാസയും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും പുറത്തുവിട്ടത്.
നാസയുടെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററിലെ ലേസര്‍ അള്‍ട്ടിമീറ്റര്‍ ഉപയോഗിച്ചാണ് വിക്രം ലാന്‍ഡറിലേക്ക് ലേസര്‍ കിരണങ്ങളയച്ചത്. വിക്രത്തിന്റെ ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള നാസയുടെ പഠനോപകരണമായ റി ട്രോറിഫ്ലക്ടര് ഈ കിരണം പിടിച്ചെടുത്ത ശേഷം തിരികെ പ്രതിഫലിപ്പിക്കുകയായിരുന്നു.
‘ചന്ദ്രന്റെ ഓര്‍ബിറ്ററില്‍ നിന്നും ഉപരിതലത്തിലുള്ള റിട്രോ റിഫ്ളക്ടറുകള്‍ കണ്ടെത്താനാകുമെന്നാണ് ഇപ്പോള്‍ കാണിച്ചത്. ഈ വിദ്യ മെച്ചപ്പെടുത്തുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിലൂടെ ഭാവിയില്‍ ഇത്തരം റിട്രോ റിഫ്ളക്ടറുകള്‍ നിരവധി ദൗത്യങ്ങളുടെ ഭാഗമാക്കാനാകും’, നാസ വ്യക്തമാക്കി.