തിരുവനന്തപുരം: തൊഴിൽ വകുപ്പിന് കീഴിലെ ഓവർസീസ് ഡെവലപ്പ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്) ഏഴരവർഷത്തിനുള്ളിൽ 3405 പേർക്ക് വിദേശത്ത് തൊഴിൽ നേടിക്കൊടുത്തു. 2016 മെയ് മുതൽ 2024 ജനുവരി 11 വരെയുള്ള കണക്കാണിത്. 46 വർഷത്തിനിടെ പതിനായിരംപേർക്കാണ് ഒഡെപെക് വഴി ജോലി ലഭിച്ചത്. അതിൽ കാൽഭാഗവും ഈ ഏഴരവർഷത്തെ എൽഡിഎഫ് സർക്കാർ കാലത്താണ്.
വ്യാഴാഴ്‌ച മാസ്‌ക്കറ്റ് ഹോട്ടലിൽനടന്ന ചടങ്ങിൽ മൂന്ന് വിദേശരാജ്യങ്ങളിലേക്ക് നിയമിതരായ 104 പേർക്ക് മന്ത്രി വി ശിവൻകുട്ടി വിസ വിതരണം ചെയ്‌തു. ഇതിൽ സാങ്കേതിക വിദഗ്‌ധരായ 62 പേർ തുർക്കിയയിലേക്കും 35 നഴ്‌സുമാർ ബൽജിയത്തിലേക്കും മൂന്ന് നഴ്‌സുമാർ ജർമനിയിലേക്കും നാലുപേർ യുഎഇയിലേക്കുമാണ് പോകുന്നത്. ഈമാസം ആദ്യം 38 പേർക്ക് യുഎഇയിലെ അർധസർക്കാർ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡുമാരായും നിയമനം ലഭിച്ചു.
ഏറ്റവും കൂടുതൽ നിയമനം ലഭിച്ചത് സൗദി അറേബ്യയിലേക്കാണ്. 1255 പേർ. യുഎഇയിലേക്ക് 1047 പേർക്കും ബ്രിട്ടനിലേക്ക് 678 പേർക്കും നിയമനം ലഭിച്ചു. മാലദ്വിപ്, ബഹ്‌റൈൻ, കുവൈത്ത്, അമേരിക്ക, ഒമാൻ, ഖത്തർ, ഉസ്‌ബെക്കിസ്ഥാൻ, ബൽജിയം, ജർമനി, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലും ജോലി കിട്ടി. കേരളത്തിന് പുറത്ത് താമസിക്കുന്ന 101 പേർക്കും ഒഡെപെക്കിന്റെ കരുതൽ ലഭിച്ചു.
വിദേശ സഞ്ചാരികളെ
ആകർഷിക്കാൻ പദ്ധതി
ആഡംബരക്കപ്പലും കാരവാനുമെല്ലാം ഒരുക്കി വിദേശസഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം പദ്ധതിയുമായി തൊഴിൽ വകുപ്പിന് കീഴിലെ ഒഡെപെക്. ട്രാവൽ ഡിവിഷന് കീഴിൽ പ്രത്യേക വിനോദ സഞ്ചാര പാക്കേജുകൾ നടത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാനയാത്രാ ടിക്കറ്റുകളും ലഭ്യമാക്കും. വിദേശത്ത് വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരമൊരുക്കുന്നതിനു പുറമെ, വിദേശഭാഷാ നൈപുണ്യ പരിശീലനവും നൽകും. ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാറും പങ്കെടുത്തു. ബ്രിട്ടനിൽ മുതിർന്നവരെ പരിപാലിക്കാനുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് ഉടൻ തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടർ കെ എ അനൂപ് പറഞ്ഞു.