മംഗളൂരു: ബാബ്‌റി മസ്‌ജിദ് പൊളിച്ചിടത്ത് പണിത രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കർണാടക കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷം. ചടങ്ങിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘രാമക്ഷേത്ര നിർമാണത്തിന് ഒരു കാലത്തും എതിര് നിന്നിട്ടില്ല. എല്ലാ പിന്തുണയും നൽകും. രാമനോ, രാമ ക്ഷേത്രത്തിനോ കോൺഗ്രസ് എതിരല്ല’ സിദ്ധരാമയ്യ പറഞ്ഞു.
എന്നാൽ രാമക്ഷേത്ര വിഷയം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇടപെടലാണെന്ന അഭിപ്രായവുമായി മുതിർന്ന നേതാവും മന്ത്രിയുമായ ഡി സുധാകർ രംഗത്തെത്തി. 2019ൽ പുൽവാമ ഭീകരാക്രമണം തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉയർത്തിയ ബിജെപി ഇത്തവണ രാമക്ഷേത്രം വച്ചാണ് രാഷ്ട്രീയ ഗിമ്മിക്ക് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമരാജ്യം എന്നത് ഒരു ആഗോള ആശയമാണെന്നും അത് ബിജെപി കൊണ്ടുവന്നതല്ലെന്ന അഭിപ്രായവുമായി അഭ്യന്തര മന്ത്രി ജി പരമേശ്വരയും രംഗത്ത് വന്നു. ബിജെപിയുടെ രാമരാജ്യമെന്ന ആശയം വൈകിയാണെങ്കിലും കോൺഗ്രസുകാർ അംഗീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ബിജെപി മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.രാമക്ഷേത്രത്തിനെതിരെ സംസാരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം മൂലമാണ് മൃദു ഹിന്ദുത്വ നിലപാടുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്തെത്തിയത്.