Saturday, November 16, 2024
Homeഇന്ത്യ2025 ജനുവരി 13ന് മഹാ കുംഭമേളയ്ക്ക് തുടക്കമാകും

2025 ജനുവരി 13ന് മഹാ കുംഭമേളയ്ക്ക് തുടക്കമാകും

പ്രയാഗ്‍രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിൽ ഏറ്റവും വലിയ ഹൈന്ദവ തീർഥാടന സംഗമമായ മഹാ കുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിലേക്ക് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് തീർഥാടകരാണ് ഒഴുകിയെത്തുക. ഹൈന്ദവ വിശ്വാസപ്രകാരം, പുണ്യനദികളായ ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ സ്നാനമാണ് കുംഭമേളയുടെ പ്രധാന ആകർഷണം. ഇതുവഴി മോക്ഷം ലഭിക്കുമെന്നാണ് തീർഥാടകരുടെ വിശ്വാസം.

2025 ജനുവരി 13ന് നടക്കുന്ന പൗഷ് പൗർണിമ സ്നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തുടക്കമാകുക. 45 ദിവസം നീണ്ടുനിൽക്കുന്ന മഹാ കുംഭമേളയ്ക്ക് മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് തിരശീല വീഴും. ജനുവരി 13നും ഫെബ്രുവരി 26നും പുറമേ, മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്നാനം), മാകി പൂ‍ർണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളിലാണ് പ്രധാന സ്നാനങ്ങൾ നടക്കുക.

പുണ്യസ്നാനത്തിന് പുറമേ, ഭജന, യോഗാസനം, ധ്യാനം, ആത്മീയ പ്രഭാഷണം തുടങ്ങിയവയാണ് മഹാ കുംഭമേളയിലെ മറ്റ് ചടങ്ങുകൾ. 2013ലാണ് ഏറ്റവും ഒടുവിൽ മഹാ കുംഭമേള നടന്നത്. 2019ൽ പ്രയാഗ്‍രാജിൽ ആറ് വർഷം കൂടുമ്പോൾ നടക്കുന്ന അർധ കുംഭമേള നടന്നിരുന്നു. പ്രയാഗ്‍രാജിന് പുറമേ, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.

മഹാ കുംഭമേള ആപ്പ്

മഹാ കുംഭമേളയിലേക്ക് എത്തുന്ന തീ‍ർഥാടകർക്കായി മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ‘മഹാ കുംഭമേള 2025’ എന്ന ആപ്പിൽ പ്രയാഗ്‍രാജിലെ ഘട്ടുകൾ, ക്ഷേത്രങ്ങൾ, പ്രധാന സ്ഥലങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാകും. നേരത്തെ, മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തിരുന്നു.

സുരക്ഷയ്ക്ക് വൻ പോലീസ് വിന്യാസം

മഹാ കുംഭമേളയിൽ എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കായി വൻ സുരക്ഷാ സംവിധാനങ്ങളാണ് ഉത്തർപ്രദേശ് പോലീസ് നടത്തുക. 37,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിക്കുക. പോലീസിന് പുറമേ, അർധസൈനിക വിഭാഗങ്ങളും എടിഎസ്, എസ്ടിഎഫ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്ക് ഉണ്ടാകും.

ഡ്രോൺ ഉൾപ്പടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണത്തിനായി ഉപയോഗിക്കും. ഉന്നത നിലവാരമുള്ള 2700 സിസിടിവി കാമറകളാണ് മേളയുടെ നിരീക്ഷണത്തിനായി സ്ഥാപിക്കുക. ഇതിന് പുറമേ, എഐ സിസിടിവി കാമറകളും സജ്ജമാക്കും. മേള നടക്കുന്ന മേഖലയെ 10 സോണുകളായും 25 സെക്ടറുകളായും 56 പോലീസ് സ്റ്റേഷനുകളായും 155 പോസ്റ്റുകളായും തിരിച്ചാണ് സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments