Saturday, December 28, 2024
Homeസിനിമമോഹന്‍ലാല്‍ ഒരുക്കിയ മുത്തശ്ശിക്കഥയിലെ ലോകം.

മോഹന്‍ലാല്‍ ഒരുക്കിയ മുത്തശ്ശിക്കഥയിലെ ലോകം.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ബറോസ്’ ഒരു മാന്ത്രിക നാടോടിക്കഥയാണ്. ഗോവയിലെ പോര്‍ച്ചുഗീസ് ഭരണാധികാരിയുടെ വിശ്വസ്തനായ ബറോസ് എന്ന കഥാപാത്രത്തിന്‍റെ നിധി കാക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിന്‍റെ അഭിനയ വിസ്മയമാണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകളായി സിനിമ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്നത് പ്രേക്ഷകന് ആകാംക്ഷ ഉണര്‍ത്തും. ആ ആകാംക്ഷയുടെ അവസാനം കുറിച്ച് ബറോസ് ഒടുവില്‍ തീയറ്ററില്‍ എത്തിയിരിക്കുകയാണ്. തീര്‍ത്തും ലളിതമായ ഒരു നാടോടിക്കഥയില്‍, ഗംഭീരമായ വിഷ്വലുകളുമായി ഒരു മനോഹരമായ ചിത്രം ഒരുക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.

ഗോവയിലെ പോര്‍ച്ചുഗീസ് ഭരണാധികാരിയായ ഡീഗാമയുടെ വിശ്വസ്തനാണ് അടിമയായി വന്ന് അദ്ദേഹത്തിന്‍റെ അടുത്തയാളായ ബറോസ്. ബറോസും ഡീഗാമ മകള്‍ ഇസബെല്ലയും തമ്മില്‍ വലിയ സൗഹൃദത്തിലാണ്. എന്നാല്‍ ഒരു ഘട്ടത്തില്‍ ശത്രുക്കളുടെ ആക്രമണ സമയത്ത് ബറോസിനെ മന്ത്രിക വിദ്യയിലൂടെ നിധിയുടെ കാവല്‍ഭൂതമാക്കി ഡീഗാമ നാടുവിടുന്നു. പതിമൂന്ന് തലമുറയ്ക്ക് ഇപ്പുറം ഡീഗാമയുടെ പിന്‍മുറക്കാര്‍ക്ക് ആ നിധി കൈമാറാന്‍ കാത്തിരിക്കുകയാണ് ബറോസ്, ഒപ്പം വഴികാട്ടിയായ വൂഡു എന്ന ആഫ്രിക്കന്‍ പാവയും.

ഇവിടെ നിന്ന് ഡീഗാമ പിന്‍ഗാമി നിധി തേടി എത്തുമ്പോള്‍ എന്ത് സംഭവിക്കും എന്നതാണ് ബറോസ് അവതരിപ്പിക്കുന്നത്. ‘ഒരിടത്ത്, ഒരിടത്ത് ഒരു നിധി കാക്കുന്ന ഭൂതമുണ്ടായിരുന്നു’ ചെറുപ്പത്തില്‍ നാം കേട്ടിട്ടുണ്ടാകും ഇത്തരത്തില്‍ ഒരു കഥ. അത്തരം ഒരു കഥയെ പറങ്കി നാടോടിക്കഥയില്‍ നിന്നും എടുത്ത് അവതരിപ്പിക്കുകയാണ് മോഹന്‍ലാലും സംഘവും ചെയ്യുന്നത്.

ബറോസ് എന്ന നായകവേഷത്തിലും, സംവിധായകനായും, ഗായകനായും എല്ലാം ചിത്രം മോഹന്‍ ലാലിന്‍റെ പെര്‍ഫോമന്‍സ് ചിത്രമാണ്. ഒരു ഫെയറി ടെയില്‍ പറയാനുള്ള എല്ലാ സജ്ജീകരണവും അതിന്‍റെ ഉപയോഗവും ലാല്‍ സിനിമ രംഗത്തെ തന്‍റെ അനുഭവത്തെ എത്രത്തോളം ബറോസ് എന്ന ദൗത്യത്തിലേക്ക് സംയോജിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നു. സന്തോഷ് ശിവന്‍റെ ചിത്രീകരണവും ഗംഭീരമാണ്. 3ഡിയില്‍ ഷൂട്ട് ചെയ്ത ചിത്രം എന്നതിനാല്‍ സാങ്കേതികമായി ആ ക്വാളിറ്റി ചിത്രം നിലനിര്‍ത്തുന്നുണ്ട്.

ഷൈല മക്കഫ്രി അഭിനയിച്ച ഇസബെല്ല എന്ന റോള്‍ ചിത്രത്തിന്‍റെ നട്ടെല്ലാണ്. അത് നന്നായി തന്നെ ചിത്രത്തില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. റാവിസും നിര്‍മ്മാണ പങ്കാളിയാണ്. . കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ കഥയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.

കുട്ടികളുടെ ഒമനത്വം തന്‍റെ പെരുമാറ്റത്തില്‍ എന്നും പുലര്‍ത്തുന്ന വ്യക്തിയെന്ന് മോഹന്‍ലാലിനെ നിരീക്ഷിക്കുന്നവര്‍ ഏറെയാണ്. അത്തരത്തില്‍ ആ കുട്ടിത്വം ഒരിടത്തും ചോര്‍ന്ന് പോകാതെ മോഹന്‍ലാല്‍ ഒരുക്കിയ ഒരു സൃഷ്ടിയാണ് ബറോസ്. ഒരു മുത്തശ്ശിക്കഥ അസ്വദിക്കും പോലെ ചിത്രം കണ്ടിരിക്കാം. ചിലപ്പോള്‍ രക്തചൊരിച്ചലുകള്‍ നിറയുന്ന സമീപകാല സ്ക്രീന്‍ അനുഭവങ്ങളില്‍ നിന്നും ഒരു ഫാമിലി ചിത്രത്തിലേക്ക് സ്വിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബറോസ് ഒരു ആശ്വസമാണ്. ശരിക്കും നിങ്ങളുടെ കുട്ടിയെയും, നിങ്ങളിലെ കുട്ടിയെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ബറോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments