അള്‍സറും അസിഡിറ്റി പ്രശ്നവുമുള്ളവര്‍ക്ക് എന്തു കഴിക്കണമെന്ന ആശങ്ക കൂടുതലാണ്. കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അള്‍സര്‍ അസിഡിറ്റി രോഗികള്‍ ഒഴിവാക്കണം. വയറു നിറച്ചും കഴിക്കുന്ന രീതി മാറ്റി ആവശ്യത്തിനു മാത്രം കഴിക്കുക. അസിഡിറ്റി പ്രശ്നങ്ങളുമായി ബന്ധമില്ലെങ്കിലും വാരിവലിച്ചു കഴിക്കാതെ ആവശ്യത്തിനു സമയമെടുത്തു തന്നെ കഴിക്കണം. അത്താഴത്തിന്റെ അളവു കുറയ്ക്കണം. സമീകൃതാഹാരം ശീലമാക്കാം. അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ ശരിയായ അനുപാതത്തില്‍ അടങ്ങിയ ആഹാരം കഴിക്കണം.
ദിവസവും നിശ്ചിതസമയം വ്യായാമം ചെയ്യണം. ഇതു പിരിമുറുക്കം കുറയ്ക്കും. നന്നായി ഉറങ്ങുകയും വേണം. ബീറ്റാകരോട്ടിന്‍ ധാരാളമടങ്ങിയ പച്ചക്കറികള്‍, കാരറ്റ്, ബീറ്റ്റൂട്ട്, മത്തങ്ങ, മാങ്ങ എന്നിവ കഴിക്കണം. വൈറ്റമിന്‍ സി അടങ്ങിയ ആഹാരം കഴിക്കണം. ഉദാ: നെല്ലിക്ക, മുന്തിരി, ഓറഞ്ച്, പേരയ്ക്ക ഇവയെല്ലാം കഴിക്കാം. ഇലക്കറികള്‍ കഴിക്കണം. ഇവയില്‍ ധാരാളം നാരുകളുമുണ്ട്. തവിടു നീക്കാത്ത ഗോതമ്പും അരിയും കഴിക്കണം. ഇവയില്‍ അടങ്ങിയിട്ടുള്ള സിങ്ക് അള്‍സര്‍ ഉണങ്ങുന്നതിനു സഹായിക്കും.
കടല്‍ വിഭവങ്ങളും ഏറെ നല്ലതാണ്. ദിവസവും 10 മുതല്‍ 12 ഗ്ലാസ് വെള്ളം കുടിക്കണം. കാപ്പിയും ചായയും ഒഴിവാക്കണം. അച്ചാറുകള്‍, മസാലകളും എരിവും ചേര്‍ന്ന ആഹാരവും ഒഴിവാക്കണം. സോഫ്റ്റ് ഡ്രിങ്കുകള്‍ പൊതുവെ ഒഴിവാക്കണം. അവയിലെ വിവിധ ആസിഡുകള്‍ അള്‍സറിന്റെ ലക്ഷണങ്ങളുടെ തീവ്രത വര്‍ധിപ്പിക്കും.
ഫ്രിജില്‍ വച്ച ആഹാര സാധനങ്ങള്‍ക്ക് അള്‍സറും അസിഡിറ്റിയുമായി ബന്ധമില്ല. എങ്കിലും അമിത ചൂടും അമിത തണുപ്പുമുള്ള ആഹാരം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൃത്യസമയത്ത് ആഹാരം കഴിക്കാത്തവരിലും പിരിമുറുക്കം കൂടുതലുള്ളവരിലും അള്‍സറിനു സാധ്യത വളരെ കൂടുതലാണ്.