Sunday, January 5, 2025
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 27 | ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 27 | ശനി

കപിൽ ശങ്കർ

🔹ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. പലയിടത്തും പോളിങ് രാത്രി വൈകി വരെയും തുടര്‍ന്നു. വടകര കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍ പി സ്‌കൂളിലെ 141 -ാം ബൂത്തിലാണ് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. കണ്ണൂരിലും വടകരയിലും അടക്കം സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് വൈകിയത് ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയെന്ന് യുഡിഎഫ് ആരോപിച്ചു. കാത്ത് നിന്ന് മടുത്ത് പലരും വോട്ടു ചെയ്യാതെ മടങ്ങി. നടത്തിപ്പിലെ വീഴ്ചയില്‍ കര്‍ശനമായ നടപടി വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

🔹കോട്ടയത്തെ കടനാട് പഞ്ചായത്തിലെ 25 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മിൽ വ്യത്യാസം. 25 -ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തത് 715 പേരാണ്. എന്നാൽ മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എൽ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസർ ബൂത്ത് ഏജന്‍റുമാരെ അറിയിച്ചു.

🔹സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. പത്തനംതിട്ട മണ്ഡലത്തില്‍ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയില്‍ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിന് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

🔹സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 7 പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു.ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.

🔹തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന്  നേരിയ തോതിലോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

🔹പരീക്ഷയുടെ ഉത്തര പേപ്പറിൽ ജയ് ശ്രീം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തു.

🔹തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

🔹താമരശേരി∙ കാണാതായ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം നടന്നത് താമരശേരിയിലാണ്. കട്ടിപ്പാറ കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായതെന്നാണ് വിവരം.
വിദ്യാർത്ഥിയുടെ കൂടെ എകരൂൽ സ്വദേശിയായ യുവാവിനെയും കാണാതായി എന്നായിരുന്നു റിപ്പോർട്ട്.  താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയേയും എകരൂൽ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇവരെ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മകളെ കാണാതായതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിൽ പെൺകുട്ടിയുടെ പിതാവ് പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.  ഇതിനിടയിലാണ് ആൾത്താമസമില്ലാത്ത ഈ വീടിന്റെ ഭാഗത്തു നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയത്. തുടർന്നാണ് വൈകുന്നേരം ഇവരുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

🔹കൊച്ചി: മദ്യ ലഹരിയിൽ പനമ്പിള്ളി നഗറിൽ നൈറ്റ് കഫെ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവതിയും സംഘവും അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സിൽ സാപിയൻസ് കഫറ്റേരിയയിലാണ് ഇവർ ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടത്.
സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.  കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.  സാപിയൻസ് കഫറ്റേരിയയിൽ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻ സുഹൃത്തുമായി നടന്ന വാക്കുതർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. വാക്കുതർക്കം ഒടുവിൽ കയ്യാങ്കളി ആകുകയായിരുന്നു.

🔹കൊല്ലം ചവറ ഇടപ്പള്ളികോട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസും ചിന്നക്കടയിലേക്ക് വന്ന വേണാട് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഓര്‍ഡിനറി ബസിന്റെ പിന്നിലേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറുകയായിരുന്നു. മുപ്പതോളം പേര്‍ക്ക് പരിക്ക്.

🔹കോഴിക്കോട് : മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവന്തപുരത്ത് നിന്നും ഫറോക്ക് മണ്ണൂർ വളവിൽ ഇന്ന് പുലർച്ചെ 2:30 ഓടെയാണ് ബസ് അപകടത്തിൽ പെട്ടത്.

🔹മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ നാലുദിവസം മുമ്പ് കൂട്ടത്തോടെ കടുവകൾ ഇറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിർത്തിയിലാണ് മൂന്ന് കടുവകൾ എത്തിയത്. നേരത്തെയും കടുവയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ ചത്ത പ്രദേശമാണ് കന്നിമല. ഇവിടെ കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാരുടെ പരാതിയുണ്ട്.

🔹ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  തീവ്രവാദികൾ താഴ്വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ന് പുലര്‍ച്ചെയോടെയാണ് വെടിയുതിർത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

🔹ഐപിഎല്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് ചേസ് വിജയവുമായി പഞ്ചാബ് കിംഗ്‌സ്. ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവരുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് പടുത്തുയര്‍ത്തി. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ജോണി ബെയര്‍‌സ്റ്റോയുടെയും (48 പന്തില്‍ പുറത്താവാതെ 108) ശശാങ്ക് സിംഗിന്റെയും (28 പന്തില്‍ 68) പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും മികവില്‍ (20 പന്തില്‍ 54) വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

🔹ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവി’ന് തുടക്കം. തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടന്‍ രഞ്ജി പണിക്കരാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രനീഷും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തില്‍ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. മാസ് റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വാധ്യകരമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. തില്ലു സക്വയര്‍ എന്ന ചിത്രമാണ് അനുപമയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മല്ലിക് റാം സംവിധാനം ചെയ്ത് ഈ തെലുങ്ക് ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments