ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്താൻ വിഷമിച്ച സഞ്ജു സാംസൺ, പരമ്പര അവസാനിപ്പിച്ചത് വെറും കിരീട വിജയിയായി മാത്രമല്ല പ്ലെയർ ഓഫ് ദി സീരീസ് പട്ടം കൂടി സ്വന്തമാക്കിയാണ്. എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നില്ല സഞ്ജുവിന്റെ നേട്ടങ്ങൾ. ഒരുകൂട്ടം റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് സഞ്ജു മടങ്ങുന്നത്.
ഫൈനലിൽ 46 പന്തിൽ 89 റൺസ് നേടിയ സാംസൺ ടി 20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമയായി. വെറും അഞ്ചു മത്സരങ്ങളിൽ നിന്നും 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു ഒരു ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഇന്ത്യൻ കളിക്കാരൻ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി. ഇതോടെ ഒരൊറ്റ ടൂർണമെന്റിൽ ഏറ്റവും റൺസെടുത്ത താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി സഞ്ജു സാംസൺ.
ഫൈനലിൽ അടിച്ച എട്ട് സിക്സറുകളടക്കം 24 സിക്സുകൾ അടിച്ച സഞ്ജു, ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ അടിച്ച താരമെന്ന സവിശേഷ നേട്ടവും നേടി. ജയവർധനെയ്ക്ക് ശേഷം തുടർച്ചയായി മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ 80+ സ്കോർ നേടിയ ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും സഞ്ജുവിന് സ്വന്തമായി. കൂടാതെ ലോകകപ്പിൽ 250ലധികം റൺസ് നേടിയവരിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് , 199, എന്ന റെക്കോർഡും സൃഷ്ടിച്ചു. .



