Thursday, March 12, 2026
Homeഅമേരിക്കപുസ്തക പരിചയം: 'മധുരം ഗായതി'. രചന: ഒ വി വിജയൻ ✍ തയ്യാറാക്കിയത് :...

പുസ്തക പരിചയം: ‘മധുരം ഗായതി’. രചന: ഒ വി വിജയൻ ✍ തയ്യാറാക്കിയത് : ദീപ ആർ അടൂർ

മധുരം ഗായതി- മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്‍കിയുണര്‍ത്തുന്ന സുതാര്യസംഗീതമാണ്‌ മധുരം ഗായതി എന്ന നോവലെന്ന് പറയാം. വാക്കുകൾ കൊണ്ട് അമ്മാനമാടിയ വിശ്വ സാഹിത്യകാരൻ ഒ.വി.വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനായിരുന്നു.
ഒ. വി. വിജയന്റെ പ്രധാന കൃതികൾ നോവലുകൾ (ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം, ഗുരുസാഗരം), ചെറുകഥകൾ (കടൽത്തീരത്ത്, വിജയന്റെ കഥകൾ), ലേഖനങ്ങൾ (ഘോഷയാത്രയിൽ തനിയെ, വർഗ്ഗസമരം, സ്വത്വം), ആക്ഷേപഹാസ്യ കൃതികൾ (ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദർശനം), കാർട്ടൂൺ ശേഖരങ്ങൾ (ഓർമ്മക്കുറിപ്പുകൾ: ഒരു കാർട്ടൂണിസ്റ്റ് ഓർമ്മിക്കുന്നു) എന്നിവയാണ്. അദ്ദേഹത്തിന്റെ രചനകൾ നോവൽ, കഥ, ലേഖനം, കാർട്ടൂൺ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

പ്രണയം പ്രകൃതിയുടെ സൗന്ദര്യമായി മാറുന്നു, ഈ പുസ്തകം മനുഷ്യ ആത്മാവിന്റെ സ്നേഹത്തെക്കുറിച്ചും അതിന്ദ്രിയ സംഗീതത്തെക്കുറിച്ചും സംസാരിക്കുന്നു. മനുഷ്യൻറെ പ്രലോഭനങ്ങളും അതിൽനിന്നുള്ള മോചനവും ഇതിവൃത്തമാക്കുന്നു. പൗരാണിക കഥാപാത്രങ്ങളെ സ്വതന്ത്രമായ രീതിയിൽ അവതരിപ്പിക്കുകയും, ആകാശമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന ഒരു ആൽമരമായ കഥാനായകനും സുകന്യ എന്ന വനകന്യകയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ജൈവസിദ്ധിയുടെ സാന്ത്വനമായ അവരുടെ പ്രണയം, മനുഷ്യാത്മാവിൻ്റെ സ്നേഹ സൗന്ദര്യത്തെ പുനരുജ്ജീവിപ്പിക്കുന്ന അതീന്ദ്രിയ സംഗീതമായി മാറുന്നു.അവരുടെ പ്രണയം ജൈവസിദ്ധിയുടെ സാന്ത്വനമായി മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുൽകിയുണർത്തുന്ന കാവ്യാത്മകമായ എഴുത്ത്.പ്രകൃതിയുടെ പ്രണയ സംഗീതമായ മധുരം ഗായതി
പാരിസ്ഥിതിക പ്രശ്നങ്ങളെ വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതിയെന്ന് ഒ.വി.വിജയന്റെ മധുരം ഗായതിയെ വിശേഷിപ്പിക്കാം.ഈ കൃതിയിലൂടെ സഞ്ചരിച്ചാല്‍ ഒ വി വിജയന്‍ എന്ന എഴുത്തുകാരന്റെ ആഴം മനസിലാക്കാം.

വ്യത്യസ്തമായ ഒരു രചനാ ശൈലി ഈ നോവലിൽ ഒ.വി. വിജയൻ ഉണ്ടാക്കിയിട്ടുണ്ട്. സ്വാർത്ഥമായ മനുഷ്യവർഗ്ഗത്തിന്റെ കാണാതെ പോകുന്ന പതനത്തിൽ നിന്നും ലളിതമായി മോചിക്കപ്പെടാൻ എങ്ങനെ സാധിക്കുമെന്ന ഒരന്വേഷണം ഒരാൽമരവും വനകന്യകയായ സുകന്യയും തമ്മിലുള്ള പ്രണയം അതിന്റെ സൃഷ്ടിപരമായ സ്നേഹമെന്ന അടിസ്ഥാനത്തിൽ ഇഴചേർന്നു നിൽക്കുന്നതാണ് മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യമെന്നും അതിലേക്ക് ഇഴുകിച്ചേരുന്ന യാത്രയാണ് ഈ നോവൽ എന്ന് വിവക്ഷിക്കാം.
സുകന്യയുടെ അച്ഛനും അമ്മയുമായ സുമംഗലയും മൃത്യുഞ്ജയനും നടത്തുന്ന സംഭാഷണത്തിലൂടെ ചുറ്റുമുള്ള യാഥാർഥ്യങ്ങളിലെ തർക്കങ്ങൾ നോവലിൽ ഭംഗിയായി ഊടും പാവും പോലെ ചേർത്തിരിക്കുന്നു. മകളുടെ കാമുകൻ ഒരു മനുഷ്യനല്ലെന്ന ആകുലത സുമംഗലയിൽ നിഴലിക്കുന്നതായി കാണാം.
‘അദ്ദേഹം ഒരു മനുഷ്യനല്ലെന്നു ചിന്തിക്കുമ്പോൾ’ സുമംഗല പറഞ്ഞു തുടങ്ങി.
‘ശാസ്ത്രത്തിന്റെ യുക്തിയനുസരിച്ച് മനുഷ്യനാണ്’ മൃത്യുഞ്ജയൻ പറഞ്ഞു. ‘യാത്രങ്ങൾ അവരുടെ പരീക്ഷണശാലകളിൽ വിളയിച്ച പുതിയ ജൈവപരമ്പരയിലെ ഏറ്റവും ശ്രേഷ്‌ഠരായ മനുഷ്യരിൽ ഒരാൾ. ഓരോ കോശവും ജൈവഗണിത ശാസ്ത്രത്തിന്റെ യുക്തിയ്ക്ക് അനുസൃതമായി പണി തീർത്തെടുത്ത പിഴയില്ലാത്ത ജീവി.’

ജീവിത യാഥാർഥ്യത്തിന്റെ അർത്ഥതലങ്ങളിലേക്ക് വാക്കുകൾ ഇറ്റിയിറ്റി മരകറപോലെ ഒലിച്ചിറങ്ങിയകൊണ്ടിരിക്കുന്നു.
ആൽമരവും സുകന്യയും അവരുടെ സഞ്ചാരപഥങ്ങളും ഇഴചേർന്ന് പ്രകൃതിയുടെ താളത്തിൽ ലയിപ്പിച്ച വർണ്ണനാതീതമായ ഒരു പ്രണയ യാത്രയായി മാറുന്നു.
‘സംഗീതം നിലച്ചപ്പോൾ ഭൂമി ശുദ്ധമായി യന്ത്രിമയുടെയും വൈരുധ്യത്തിന്റെയും സ്ഫോടനത്തിന്റെയും ഓർമ്മ അകന്ന് അന്യമായി. ഭൂമിയിൽ സസ്യവും മൃഗവും ധാതുവും വീണ്ടും ഒന്നുചേർന്ന്. കാറ്റുകൾ ആർദ്രങ്ങളും കടലുകൾ അലസങ്ങളുമായി. കാലത്തിന്റെ ഗൂഢമായ വഴിത്താരയിലൂടെ വിദൂരമായ യുഗസന്ധ്യകളിലേക്ക് സംഗീതം ഒഴുകികടന്നു ഭൂമി അതിനെ തേടി പ്രയാണം തുടർന്നു.’ മധുരം ഗായതി അവസാനിക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തു നിന്നും ഇറങ്ങി വന്ന തോന്നലിലേക്ക് ചെന്നത്തപ്പെടുന്നുണ്ട്.
ആൽമരത്തിന്റെയും സുകന്യയുടെയും പ്രണയം സൃഷ്ടിയെ ശാന്തിയിലേക്കു നയിക്കുന്നു. വാക്കുകള്‍ കൊണ്ട് ഇതിഹാസകാലം സൃഷ്ടിച്ച ഒ.വി. വിജയൻ എന്ന അപൂര്‍വത ഇന്നും നമുക്ക് ഒരത്ഭുതവും ആകുന്നു.

ആത്യന്തികമായ നാശത്തില്‍നിന്ന് രക്ഷിക്കപ്പെട്ട ഭൂമിയുടെമേല്‍ പടരുന്ന അഭൗമമായ സംഗീതത്തിന്റെ നാദധാരയിലാണ് മധുരംഗായതി അവസാനിക്കുന്നത്. ആകാശപാളികളില്‍ നിറയുന്ന അദൃശ്യങ്ങളായ അസംഖ്യം ഓടക്കുഴലുകള്‍. വിലാപത്തിനു മുകളില്‍ പ്രളയമായി, ആകാശശിഖരങ്ങളില്‍ അലതല്ലുന്ന മഹാസംഗീതം. അതിന്റെ പരിസമാപ്തിയില്‍ സസ്യവും മൃഗവും ധാതുവും ഒന്നുചേര്‍ന്ന, ആര്‍ദ്രമായ കാറ്റുകളും അലസങ്ങളായ കടലുകളുമുള്ള ഭൂമിയില്‍, ഗൂഡമായ വഴിത്താരകളിലൂടെ വിദൂരമായ യുഗസന്ധികളിലേക്ക് ഒഴുകിക്കിടക്കുന്ന സംഗീതത്തിലൂടെ, ഭൂമി പ്രയാണം തുടരുന്നു. സംഗീതം പകര്‍ന്നുനല്‍കുന്ന വിശ്രാന്തിയുടെ ആത്മീയമായ അനുഭവസ്ഥാനം മധുരം ഗായതിയായി മാറുന്നു.

ശാന്തമായ ഈ ശുഭകാമനകള്‍ക്കു മുന്‍പ്, ഒരു ഹോളീവുഡ് സിനിമയിലെ വന്യമായ ഭാവനയില്‍പോലും കാണാനാകാത്ത ഭീകരവും ഭീതിദവുമായ ദൃശ്യങ്ങളിലൂടെയാണ് ഈ കൃതി കടന്നുപോകുന്നത്. ഭൂമി രണ്ടായി പിളര്‍ത്തപ്പെട്ടിരിക്കുന്നു. ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവും. മനുഷ്യബുദ്ധിയുടെ, നിര്‍മ്മിതബുദ്ധിയുടെ, ശാസ്ത്രത്തിന്റെ, യന്ത്രങ്ങളുടെ ആസുരമായ തീനാളങ്ങളുടെ, ചുട്ടുപൊള്ളുന്ന തിന്മയുടെ ഗേഹമായ ഉത്തരാര്‍ത്ഥം. സസ്യപ്രകൃതി അണിയിച്ചൊരുക്കുന്ന ഹരിതാഭയുടെ, സാത്വികതയുടെ, ധ്യാനാത്മകമായ ശീതളിമയില്‍ ജീവന്‍തുടിക്കുന്ന നന്മയുടെ സ്വര്‍ഗസ്ഥാനമായ ദക്ഷിണാര്‍ത്ഥം. ഇത് മറ്റൊരു കാഴ്ചപ്പാടില്‍ പാശ്ചാത്യവും പൗരസ്ത്യവുമായ ജീവിതകാമനകളുടെ ആലങ്കാരികമായ വേര്‍തിരിവുകളായും വായിച്ചെടുക്കാം.

ഭൂഗോളം ഇങ്ങനെ രണ്ടായി പിളരുംമുമ്പ്, മനുഷ്യമനസ്സ് രണ്ടായി പിളര്‍ന്നുമാറിയിരുന്നു. ഈ അകല്‍ച്ചയുടെ ബാഹ്യപ്രകടനമാണ് ഭൂഗോളങ്ങളുടെ പിളര്‍ന്നുമാറല്‍. ശാസ്ത്രത്തെ ആയുധമാക്കി ശാസ്ത്രജ്ഞന്‍ സൃഷ്ടിക്കുന്ന മഹായന്ത്രമാണ് ഉത്തരാര്‍ദ്ധഗോളത്തിലെ ഏകാധിപതി. അയാള്‍ സൃഷ്ടിക്കുന്ന പിഴവുകളില്ലാത്ത അനേകം യന്ത്രകിങ്കരന്‍മാര്‍. ഊഷരമായ ഭൂമി. കുറവുകളില്ലാത്ത യന്ത്രസൃഷ്ടിക്കായി ആഗ്രഹിച്ച ശാസ്ത്രജ്ഞന്‍ പക്ഷേ, പരാജയപ്പെടുന്നു. മഹായന്ത്രത്തിന്റെ കമ്പിച്ചുരുളുകള്‍ക്കിടയില്‍ വീണുപോയ ശാസ്ത്രജ്ഞന്റെ കണ്ണീരുപ്പിന്റെ പരലുകള്‍ സൃഷ്ടിയുടെ അപൂര്‍ണ്ണതയായി, യന്ത്രതികവിന്റെ അഭാവമായി, മാനുഷ്യകത്തിന്റെ അടയാളമായി, യുക്തിയുടെ വിടവുകളായി, വികാരത്തിന്റെ വിടവുകളായി, പ്രജ്ഞയുടെ പഴുതുകളായി മഹായന്ത്രത്തെ നിരന്തരം നോവിച്ചുകൊണ്ടേയിരിക്കുന്നു. അത് നന്ദിനിയുടെ പാലിനുവേണ്ടിയുള്ള ദാഹമായി, സ്നേഹത്തിനുവേണ്ടിയുള്ള തൃഷ്ണയായി, ദുഃഖത്തിന്റെ നനവായി, ഉള്ളില്‍ നിറയുന്ന ചോദ്യങ്ങളായി പ്രകൃതിയുടെ തുടര്‍ച്ചയിലേക്കുള്ള വഴികള്‍ തുറക്കുന്നു. അങ്ങനെ മഹായന്ത്രത്തിന്റെ ചേതന പ്രാചീനങ്ങളായ പ്രഭവങ്ങളെ തേടുന്നു. ആല്‍മരത്തിന്റേയും സുകന്യയുടേയും സാന്നിദ്ധ്യത്തില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ഉറവയെടുത്ത ജലപ്രവാഹത്തിന്റെ പശ്ചാത്തലത്തില്‍ മഹായന്ത്രത്തിന്റെ ഊര്‍ജ്ജപ്രസരങ്ങള്‍ ഒരു കുഞ്ഞിന്റെ സ്വരൂപമായി പരിണമിക്കുന്നു. ദക്ഷിണാര്‍ദ്ധഗോളത്തെ തച്ചുതകര്‍ക്കാന്‍ വേണ്ടി സൃഷ്ടിച്ച ചുറ്റിക ഉപയോഗശൂന്യമാകുന്നു.

പ്രകൃതിയുടെ സ്വച്ഛന്തമായ പ്രയാണത്തെ തടുക്കുന്ന ജ്ഞാനിയുടെ മൗഢ്യവുമായി ആല്‍മരത്തിന്റെ വേരുകളറുത്തു മാറ്റുവാന്‍ ദേവദത്തന്‍ വരുന്നുണ്ട്. അവിവേകത്തിനുള്ള ശിക്ഷയായി കൈകാലുകള്‍ ഛേദിക്കപ്പെട്ട അയാള്‍ ആല്‍മരത്തിന്റേയും സുകന്യയുടേയും വഴിയില്‍ വലകെട്ടി കാത്തിരിക്കുന്ന ചിലന്തിയാകുന്നു. വീണ്ടും അയാളുടെ അംഗങ്ങള്‍ ഛേദിക്കപ്പെടുന്നു. കര്‍മ്മഗതിയില്‍ ആസക്തികള്‍ വേദനകളായി പരിണമിച്ച് എരിഞ്ഞുതീരുന്ന ദേവദത്തന്‍ സൂക്ഷ്മശരീരവും സൂക്ഷ്മാതീതവും അതിനുമപ്പുറവുമായി പത്മാസനസ്ഥനായ ദേവനില്‍ വിലയം പ്രാപിക്കുന്നു.

പല കാലങ്ങളെ പ്രതിനിധാനം ചെയ്യുന്ന സൂക്ഷ്മശരീരങ്ങളുടെ പ്രയാണങ്ങള്‍ മധുരംഗായതിയില്‍ വിജയന്‍ ആവിഷ്കരിക്കുന്നു. സുകന്യയുടെ അച്ഛനായ മൃത്യുഞ്ജയനും അമ്മമാരായ സുമംഗലയും നന്ദിനിയും ദക്ഷിണാര്‍ത്ഥഗോളത്തിലെ സാത്വികതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. സുമംഗലയില്‍ കുടികൊള്ളുന്ന ഭൗതികതയോടുള്ള ആസക്തി, സ്വര്‍ണത്തോടുള്ള കൊതിയായി അവളെ യന്ത്രലോകത്തിലെത്തിക്കുന്നു. മീന്‍പിടിത്തത്തോടും സ്വര്‍ണത്തോടുമുള്ള ആസക്തിയില്‍ തിമിംഗലത്തിന്റെ വയറിലകപ്പെടുന്ന ഗാംഗേയനും സതിയും അവിടെ കണ്ട മല്‍സ്യത്തിന്റെ വയറിലെ മറ്റേതോ ഒരു കാലത്തിലെ ശകുന്തളയുടെ നഷ്ടപ്പെട്ടുപോയ മോതിരത്തെ സ്വതന്ത്രമാക്കുന്നു. ശകുന്തളയുടെ കാലം സംഗീതസാന്ദ്രമാകുന്നു. കര്‍മ്മബന്ധങ്ങളഴിഞ്ഞ ജീവബിന്ദുക്കള്‍ പളുങ്കു താമരകളായി പ്രയാണം തുടരുന്നു.

ശാസ്ത്രത്തിന്റെ നിഗ്രഹോത്സുകത പലവുരു ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞ വിഷയമാണ്. പരിപൂര്‍ണ്ണമായ യാന്ത്രികത സര്‍വ്വനാശത്തിലേക്കുള്ള പാതയൊരുക്കുന്നു. മഹായന്ത്രം പിഴവുതീര്‍ത്ത് പിറവികൊടുത്ത മനുഷ്യര്‍ അര്‍ദ്ധഗോളത്തിന്റെ അധിപതികളായി സ്വയം സങ്കല്‍പ്പിക്കുന്നു. തങ്ങള്‍ മഹായന്ത്രത്തിന്റെ അടിമകളാണെന്ന സത്യം തിരിച്ചറിയാതെ, നിര്‍മ്മാതാവിനെ അടിമയായി കരുതി അവര്‍ തൃപ്തിയടയുന്നു. മഹായന്ത്രത്തിന്റെ രോഷാഗ്നിയില്‍ നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ട അവ ലക്ഷ്യബോധം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുന്നു. ഈ സ്വത്വനാശമാണ്, ആത്മജ്ഞാനത്തിന്റെ അഭാവമാണ് യന്ത്രസംസ്കാരം പകരുന്ന ഏറ്റവും വലിയ വെല്ലുവിളി. യന്ത്രഗരിമയുടെ നാശത്തിനും പ്രകൃതിയിലേക്കുള്ള പ്രയാണത്തിനും വേറിട്ടുപോയ അര്‍ദ്ധഗോളങ്ങള്‍ വീണ്ടും ഒരുമിക്കണം. ഈ ദൗത്യമാണ് സുകന്യയും ആല്‍മരവും പൂര്‍ത്തീകരിക്കുന്നത്.

അതീതഭൂതകാലത്തിലെ ആത്മീയതയും വിദൂരഭാവികാലത്തിലെ ഭൗതികതയും അവയുടെ വൈരുദ്ധ്യങ്ങളെ കൈവെടിഞ്ഞ് പുതുയൊരുകാലത്തില്‍ സംഗമിച്ച് ഒന്നായി തുടര്‍ന്നുമൊഴുകുന്നത് തന്റെ ഭാവനാമൂശയില്‍ ആവിഷ്കരിച്ച് പകര്‍ന്നുനല്‍കുകയാണ് മധരംഗായതിയിലൂടെ ഓ വി വിജയന്‍ ചെയ്യുന്നത്. പാരിസ്ഥിതിക വിജ്ഞാനീയത്തിന്റെ സമകാലികതയുടെ ശാസ്ത്രീയ ആവിഷ്കാരമല്ല, വിദൂരഭാവിയിലെവിടെയോ ഭാവനചെയ്യപ്പെടുന്ന ശാസ്ത്രപുരോഗതിയുടെ പരമകാഷ്ഠയുടെ ഭാവനാലോകമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഭൗതികത സൃഷ്ടിക്കുന്ന സര്‍വ്വനാശത്തില്‍ ചുട്ടുപൊള്ളിക്കുന്ന ഭൂമിയുടെ ഊഷരതയില്‍ നിന്ന് ഭാരതീയമായ ആത്മീയതയിലൂടെ പ്രകൃത്യുപാസനയിലേക്കും പ്രകൃത്യോന്മുഖമായ ജീവിതപരിണാമങ്ങളിലേക്കുമുള്ള ഗാഥയാണിത്. പിന്‍വലിയലായും പിന്‍മടക്കമായും ആത്മീയതയിലുള്ള അഭയപ്പെടലായും മനുഷ്യപുരോഗതിയില്‍നിന്നുള്ള ഒളിച്ചോട്ടമായും ഒക്കെ നമുക്ക് ഇതിനെ വായിച്ചെടുക്കാം. ധ്യാനാത്മകമായ വിജയന്റെ പ്രപഞ്ചസങ്കല്‍പ്പത്തോട് നമുക്ക് വേണമെങ്കില്‍ ശക്തിയായി വിയോജിക്കാം. പക്ഷേ, ഭൂമിയില്‍ നിന്നുള്ള അസംഖ്യം ബീജങ്ങള്‍ മുളപൊട്ടി മുകളിലേക്കുയരുന്നതുപോലെ, അദ്ദേഹത്തിന്റെ സവിശേഷമായ ആഖ്യാനശൈലിയും ഇതിഹാസകാരന്റെ പ്രവാചകത്വവും സൃഷ്ടിക്കുന്ന വായനയിലെ രസമുകുളങ്ങള്‍ നമ്മെ പുതിയ അനുഭൂതി മണ്ഡലങ്ങളിലേക്കെത്തിക്കുമെന്നത് തീര്‍ച്ച.

തയ്യാറാക്കിയത് : ദീപ ആർ അടൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com