സാൻ അൻ്റോണിയോ: ക്രൂരമായ മർദ്ദനക്കേസിൽ തെരയുന്ന ഇന്ത്യൻ വംശജനെ അമേരിക്കയിൽ പോലീസ് വെടിവച്ചു കൊന്നു. വെടിവെച്ച് വീഴ്ത്തുന്നതിന് മുമ്പ് ഇയാൾ മനഃപൂർവ്വം രണ്ട് പോലീസുകാരെ ആക്രമിച്ചതായാണ് കരുതുന്നത്. ഉത്തര്‍പ്രദേശുകാരനായ സചിന്‍ സാഹൂ (42) ആണ് കൊല്ലപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തിൽ, ഏപ്രിൽ 21 ന് വൈകുന്നേരം 6:30 ന് മുമ്പ്, മാരകായുധങ്ങളുമായി ആക്രമണം നടത്തിയതിനെക്കുറിച്ചുള്ള റിപ്പോർട്ടിനായി സാൻ അൻ്റോണിയനിലെ ഷെവിയോറ്റ് ഹൈറ്റ്‌സിലെ ഒരു വീട്ടിലേക്ക് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് എത്തിയപ്പോഴാണ് സംഭവം. റൂംമേറ്റ് എന്ന് കരുതുന്ന ഒരു സ്ത്രീയെ അക്രമിച്ചതായി സംശയിക്കുന്നയാളാണ് ഈ യുവാവ് എന്നാണ് പോലീസ് പറയുന്നത്.
42 കാരനായ സചിൻ തൻ്റെ വെളുത്ത ബിഎംഡബ്ല്യു ഉപയോഗിച്ച് യുവതിയെ ഇടിക്കുകയും തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം അയൽവാസികൾ പോലീസിൽ വിളിച്ച് ഇയാൾ തിരിച്ചെത്തിയതായി അറിയിച്ചു. പോലീസ് എത്തി തടയാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സചിൻ രണ്ട് പോലീസുകാരെ ഇടിച്ചു വീഴ്ത്തി. പോലീസുകാരിൽ ഒരാൾ വെടിയുതിർത്തു. സംഭവസ്ഥലത്ത് വച്ചുതന്നെ സചിന്‍ സാഹൂ മരിച്ചതായി സ്ഥിരീകരിച്ചു.
സചിന് കഴിഞ്ഞ പത്ത് വർഷമായി ബൈപോളാർ ഡിസോർഡർ ഉണ്ടെന്നും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നുവെന്നും മുൻ ഭാര്യ പറഞ്ഞു. പരിക്കേറ്റ യുവതിക്ക് ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു, ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു.