Saturday, December 28, 2024
Homeഅമേരിക്കഫെബ്രുവരി 23 എം കൃഷ്ണൻ നായർ സാറിന്റെ ഓർമദിനം 📚🖋️

ഫെബ്രുവരി 23 എം കൃഷ്ണൻ നായർ സാറിന്റെ ഓർമദിനം 📚🖋️

ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തിയ സാഹിത്യ വിമര്‍ശകനായിരുന്ന എം.കൃഷ്ണന്‍ നായര്‍..

തിരുവനന്തപുരത്ത് വി.കെ മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച് 3-ന് ജനിച്ചു.. സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.

1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുമ്പ് വരെ 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. എഴുത്തുകാർക്ക് ഒരേ സമയം വിമർശകനായും സുഹൃത്തായും കരുതാൻ പാകത്തിൽ മലയാള നാട് വാരികയിൽ എഴുതി തുടങ്ങിയ തന്റെ ഈ പംക്തി മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം തുടർച്ചയായി പ്രസിദ്ധീകരിച്ചു..
ഈ കാലഘട്ടത്തിൽ വാരികകളിലും മറ്റും അച്ചടിച്ചു വരുന്ന കഥകളും കവിതകളും വായിക്കാനിടവരുമ്പോൾ എം കൃഷ്ണൻ നായർ സാറിന്റെ ചൂരൽ വാരഫലപ്രയോഗത്തിന്റെ അവശ്യകത നന്നായി മനസ്സിലാകുന്നു. പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല..

കുട്ടിക്കൃഷ്ണമാരാര്‍ ഒരിക്കല്‍ എം കൃഷ്ണൻ നായരോട് പറഞ്ഞത്രേ : “ജീവിച്ചിരിക്കുന്നവരുടെ കൃതികള്‍ വിമര്‍ശിക്കുകയേ അരുത്..” ആ മഹാനുഭാവന്റെ ഉപദേശം സ്വീകരിക്കാതെ സാഹിത്യ വാരഫലത്തിലൂടെ മാരാരുടെ ആത്മാവിനെ നിരന്തരം വേദനിപ്പിച്ചുകൊണ്ടിരുന്നുവെന്ന് ഒരിക്കൽ കൃഷ്ണൻ നായർ തന്നെ എഴുതിയിട്ടുണ്ട്.. സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യ മര്യാദക്കാരനുമായിരുന്ന കൃഷ്ണൻ നായർ സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവർത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയൽ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികൾവരെയും 35 വർഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു.. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി…

അതിഗഹനമായ വായനയുടെ ഉടമയായിരുന്നു കൃഷ്ണൻ നായർ. ഓട്ടോറിക്ഷാ ഡ്രൈവർമാർ മുതൽ കോളേജ് പ്രൊഫസർമാർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു.. മലയാള സാഹിത്യത്തിൽ മൗലികമായ എഴുത്തുകാർ ഇല്ലെന്നും ടോൾസ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോൾ മലയാള സാഹിത്യകാരന്മാർ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു..

തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാർക്ക് പരിചിതനായിരുന്നു കൃഷ്ണൻ നായർ. ഇന്ത്യൻ കോഫി ഹൌസിൽ പതിവു സന്ദർശകനുമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ മോഡേൺ ബുക് സ്റ്റാളിൽ അദ്ദേഹം സ്ഥിരം സന്ദർശകനും ഉപയുക്താവുമായിരുന്നു. 2006 ഫെബ്രുവരി 23-ന് അദ്ദേഹം അന്തരിച്ചു… 🥀

ലാലു കോനാടിൽ

RELATED ARTICLES

Most Popular

Recent Comments