‘ഞാന്‍ മരിച്ചുപോയാല്‍ എന്നെ
ഓര്‍ക്കുമോ..? പ്രിയപ്പെട്ട നാരായണീ..
മരണത്തെ പറ്റി ഒന്നും പറയുക സാധ്യമല്ല..
ആര് എപ്പോള്‍ എങ്ങനെ മരിക്കുമെന്ന്
ഈശ്വരന് മാത്രമേ അറിയൂ..
ഞാനായിരിക്കും ആദ്യം മരിക്കുക,
അല്ല ഞാനായിരിക്കും…’
മതിലുകള്‍ക്ക് അപ്പുറം നിന്ന് പ്രണയിക്കുമ്പോള്‍ ബഷീറിന്റെ ആ കാമുകിക്ക് സിനിമയില്‍ രൂപം ഒരു ചുള്ളിക്കമ്പായിരുന്നു.. എന്നാല്‍ ആ ശബ്ദം കേള്‍ക്കുമ്പോള്‍ മലയാളിക്ക് ഒറ്റമുഖമേ ഓര്‍മവരൂ.. മമ്മൂട്ടിക്കൊപ്പം ശബ്ദം മാത്രമായി നിന്ന് ലളിത പകര്‍ന്ന ഭാവത്തിന് ഇന്നും പകരം മറ്റൊന്നില്ല. അതായിരുന്നു കെപിഎസി ലളിത…
ഞാന്‍ ഇപ്പോള്‍ ഒന്ന് കരഞ്ഞോട്ടെ എന്ന് അഭ്യര്‍ഥിക്കുമ്പോള്‍, വേണ്ട ഓര്‍ത്ത് രാത്രിയില്‍ കരഞ്ഞോളൂവെന്ന് ഉപദേശവും നാരായണിയുടെ അടയാളം മതിലുകള്‍ പോലെ ഭൂലോകം ചുറ്റിപ്പോകുന്നു എന്ന ആശ്വാസവും പങ്കിട്ട് സിനിമ അവസാനിക്കുന്നു…
മതിലുകള്‍ പോലെ 600ന് അടുത്ത് ചിത്രങ്ങളുടെ ഓര്‍മകള്‍ ബാക്കി വച്ചാണ് കെപിഎസി ലളിത രണ്ടു വർഷം മുൻപ് വിടവാങ്ങിയത്…. ✍️
ലാലു കോനാടിൽ