Monday, March 9, 2026
Homeഅമേരിക്കബാല്യത്തിലെ ആദ്യ നോമ്പ് ✍സിദ്ധിക്ക് ഏ പി, കുഴിങ്ങര

ബാല്യത്തിലെ ആദ്യ നോമ്പ് ✍സിദ്ധിക്ക് ഏ പി, കുഴിങ്ങര

റമസാൻ കാലമായാൽ നാട്ടിലാകെ ആവേശമാണ്, വീടായ വീടുകൾ എല്ലാം റമസാൻ മാസത്തെ വരവേൽക്കാനുള്ള തിരക്കിലയിരിരിക്കും, വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ എല്ലാം തേച്ചു കഴുകി വെക്കും, “നനച്ചുകുളി” എന്ന് വിളിക്കുന്ന ആ പരിപാടി ഇന്നു അധികം കാണുന്നില്ല, പച്ചരി ഇടിക്കാനും വീട് കഴുകാനും പുറത്തു നിന്ന് പെണ്ണുങ്ങൾ വരും

ചെറിയ പ്രായം ആയതിനാൽ വൈകുംനേരം വരെ നോമ്പ് എടുക്കാൻ സമ്മതിക്കില്ല എന്നാലും നോമ്പിനു വളരെ ഹാപ്പിയാണ്, കാരണം പതിവ് ശപ്പാടിന്നു പുറമേ വൈകീട്ട് സ്പെഷ്യൽ ഫുഡ്‌ ഉണ്ടാവും,

അക്കാലത്ത് ആകർഷകമായ ഒരു ഓഫർ ഉണ്ടായിരുന്നു അതായത് രണ്ടു ദിവസം ഉച്ചവരെ ഭക്ഷണം കഴിക്കാതിരുന്നാൽ ഒരു നോമ്പ് ആയി കണക്കാക്കി തരുമായിരുന്നു, കുട്ടികൾക്ക് നോമ്പ് നോറ്റ ആത്മ സംതൃപ്തിയും വീട്ടുകാർക്ക് ഉച്ച വരെ ആശ്വാസവും

അത്താഴത്തിനു വിളിച്ചാലെ വൈകുംനേരം വരെ നോമ്പ് നോക്കാൻ പറ്റുകയുള്ളു ചെറുപ്രായം ആയതിനാൽ എന്നെ അത്താഴതിന്ന് വിളിക്കില്ല, അതു കാരണം കാലത്ത് എണീറ്റ ഉടനെ ഞാൻ പ്രതിഷേധത്തിൽ ആയിരിക്കും, അന്ന് ഭക്ഷണം കഴിക്കില്ലന്നു വാശി പിടിക്കും, കുറച്ചു കഴിഞ്ഞു വിശന്നാൽ പോയി കഴിക്കുകയും ചെയ്യും,

തീരെ വിളിക്കാതെയായപ്പോൾ ഒരു സൂത്രം തോന്നി രാത്രി അടുക്കളയിലേക്കുള്ള വാതിലിനു നേരെ പായ ഇട്ടു കിടന്നു, അത് ഫലം കണ്ടില്ല.. സുഖമായി ഉറങ്ങുന്ന എന്നെ പതിയെ മാറ്റി കിടത്തി അവര് അത്താഴം കഴിച്ചു, അങ്ങിനെ ആ സൂത്രവും ചീറ്റി പോയി

അവസാനം ശല്യത്തിന് പരിഹാരം എന്ന നിലക്ക് വിശേഷ ദിവസങ്ങളിൽ എനിക്ക് നോമ്പ് എടുക്കാമെന്ന ധാരണയിൽ എത്തി,

അങ്ങിനെ എനിക്ക് നോമ്പ് എടുക്കാനുള്ള വിശേഷ ദിവസം എത്തി, അത്താഴത്തിനു വിളിച്ചു വയറു നിറയെ അത്തായം കഴിച്ചു, ചെറു പഴം പിഴിഞ്ഞതും കേറ്റി., അങ്ങിനെ ആറ്റു നോറ്റു ആദ്യ നോമ്പ് എടുത്തു, വെളുപ്പാൻ കാലത്ത് എണീറ്റ ഉടനെ തന്നെ നോമ്പ് ഉള്ള കാര്യം അയൽവീടുകളിൽ എല്ലാവരെയും അറിയിക്കാനുള്ള തിരക്കിൽ ആയിരുന്നു, പരമാവധി വീടുകളിലും ആളുകളിലും വിവരം എത്തിച്ചു, സമയം ഉച്ച ആയപ്പോഴേക്കും വിശപ്പും ക്ഷീണവും തുടങ്ങി ,

അടുക്കളയിൽ ആളനക്കമൊന്നും കാണുന്നില്ല, എല്ലാവരും ഖുർആൻ ഖത്തം ഓതി തീർക്കാനുള്ള തിരക്കിലാണ്, അസർ നമസ്കാരം കഴിഞ്ഞാലെ അടുക്കളയിൽ കേറൂ,
കുറച് നേരം കണ്ണടച്ച് കിടന്നു നോക്കി, ഉറക്കം വരുന്നില്ല മനസ്സ് നിറയെ ഭക്ഷണ വിഭവങ്ങൾ… അന്നുവരെ രുചികരമല്ലാത്ത എല്ലാ ഭക്ഷണത്തിനും നല്ല രുചിയുള്ളതായി തോന്നി, പതുക്കെ എണീറ്റ്‌ വീണ്ടും അടുക്കള വഴി വീണ്ടും പോയി,

ഒരു രക്ഷയുമില്ല, ആരും ഭക്ഷണത്തിനു വിളിക്കുന്നുമില്ല, ചില കണ്ണുകൾ ദയനിയമായി എന്നെ വീക്ഷിക്കുന്നുണ്ട്, ഞാൻ വലിയ ഉന്മേഷം ഭാവിച്ചു നടന്നു…
പറങ്കി മാവിന്റെ ചോട്ടിൽ പോയി, പഴുത്തതും പഴുക്കാത്തതും പെറുക്കി വീട്ടിൽ കൊടുന്നു, നോമ്പ് തുറന്നു കഴിക്കാൻ വേണ്ടി കഴുകി വെച്ചു, സമയം പോകുന്നില്ല, മണിക്കൂർകൾക്ക് വല്ലാത്ത ദൈർഗ്യം..

അങ്ങനെ അവശനായി ഇരിക്കുമ്പോൾ അസർ ബാങ്ക് കൊടുത്തു, ഹാവൂ.. ഇനി ഒരു ബാങ്ക് കൂടി കൊടുത്താൽ നോമ്പ് തുറക്കാം, തിടുക്കത്തിൽ നമസ്കരിക്കാൻ പള്ളിയിൽ പോയി അംഗ ശുദ്ധി വരുത്താൻ പഴയ പള്ളിയിലെ കുളത്തിൽ ഇറങ്ങി, തണുത്ത വെള്ളം കണ്ടപ്പോൾ കുടിക്കാൻ വല്ലാത്ത ആശ, ഒരു വിധം നമസ്കാരം കഴിഞ്ഞു വീട്ടിലേക്കു പോയി, അപ്പോഴേക്കും അടുക്കളയിൽ നോമ്പ് തുറക്കുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു, പത്തിരി ഉണ്ടാക്കാൻ പൊടി വാട്ടിയതിന്റെ മണം കൊച്ചു മനസ്സിൽ കോളിളക്കം സൃഷ്ടിച്ചു.. ഒട്ടും അമാന്തിച്ചില്ല അടുക്കയിൽ ചെന്ന് പലകന്മേൽ ആസനസ്ഥനായി… ഉമ്മ കൈപത്തിരി ഉണ്ടാക്കുന്നു, പെങ്ങൾമാർ മറ്റു ജോലികളിൽ വ്യാപ്രതരാണ്, ഞാൻ അതല്ലാം അത്ഭുതത്തോടെ നോക്കി ആസ്വദിച്ചു ഇരുന്നു, അവരെല്ലാം എന്തോരം ജോലികളാണ് ചെയ്യുന്നത് .. (അത്രേം കാലം അതൊന്നും ഗൗനിക്കാതിരുന്ന കക്ഷിയാണ് പാലകമേൽ ഇരിക്കുന്നത് )

ഭക്ഷണതിനെല്ലാം എന്നുമില്ലാത്ത രുചിയും മണവും തോന്നി, ഇടക്ക് ഇടക്ക് മുൻവശത്തു പോയി ക്ളോകിൽ നോക്കുന്നുണ്ട്, സമയം ഉഴപ്പി തന്നെയാണ് പോകുന്നത്, ക്ളോക്കിന്റെ മെല്ലെ പോക്ക് നയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ക്ലോക്കിനെ രൂക്ഷമായൊന്നു നോക്കി, ഇനിയും സമയം ഉണ്ട് എന്നാലും അടുക്കളയിലേക്കു തന്നെ വച്ച് പിടിച്ചു, പറങ്കി മാങ്ങയും പേരക്കയും നുറുക്കി റെഡി ആക്കി വെച്ചു, കാരക്കയും വെള്ളവും നാരങ്ങ വെള്ളവും പെങ്ങൾമാർ കൊടുന്നു വെച്ചു, കന്നി നോമ്പ് ആയതിനാൽ എല്ലാവര്ക്കും പ്രത്യേകം വാത്സല്യവും സഹാനുഭൂതിയും, അസ്തമയത്തിന്റെ അരുണ കിരണങ്ങൾ വാനിൽ നിറച്ചു ആദിത്യന്‍ അറബിക്കടലിൽ മറഞ്ഞു…
പള്ളിയിലെ മൈക്കിന്മേൽ മൊല്ലാക്ക മുട്ടി….
പഴയ കോളാമ്പി ശബ്ദിച്ചു….
അള്ളാഹു അക്ബർ….അള്ളാഹു അക്ബർ….
ആർത്തിയോടെ കാരക്കയും വെള്ളവും നാരങ്ങ വെള്ളവും പിന്നെ പാത്രത്തിൽ ഉണ്ടായിരുന്ന എന്തൊക്കയോ ആർത്തിയോടെ അകത്താക്കി….
ആരോടോ പ്രതികാരം തീർത്ത പ്രതീതി

ഒറ്റ അടിക്കു കുറെ അകത്താക്കിയതിനാൽ പിന്നെ ഒന്നും കഴിക്കാൻ പറ്റാത്ത പരുവമായി, എടുത്ത് വെച്ചിരുന്ന പറങ്കി മാങ്ങയും പേരക്കയും അവിടെ തന്നെ ഇരുന്നു, മറ്റുള്ളവർ പ്രാർത്ഥിക്കാൻ പോയി…
ഞാൻ അവശതയോടെ വിശ്രമിക്കാൻ പായയിലേക്കും.

ആദ്യ നോമ്പെടുത്ത ക്ഷീണത്തിന്റെ ആധിക്യത്തിൽ സുഖനിദ്രയിലേക്കു ആണ്ടു പോയി.- ശുഭം

സിദ്ധിക്ക് എ പി കുഴിങ്ങര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com