ഇസ്റാഈൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ യാത്ര ചെയ്യാമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം നടപ്പിലാകും.
ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും ഉപേക്ഷിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് മാത്രമേ ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ അനുവാദമുണ്ടാകു എന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധഭീതിയെ തുടർന്ന് നിലവിൽ ഈ മേഖല അതീവ അപകടാവസ്ഥയിലാണ്.
അമേരിക്കയും ഇസ്‌റാഈലും ഇറാനുമായി നേരിട്ട് ഏറ്റുമുട്ടൽ തുടങ്ങിയതോടെ ഈ പാതയിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെടുകയും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ചെയ്തു.



