ഉത്തർപ്രദേശ്: സുഹൃത്തിന്‍റെ സഹോദരിയുമായി ബന്ധം ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കഴുത്തറുത്ത് കൊന്നു. എട്ട് പേർ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. ഗണേശ ഉത്സവത്തിന് എന്ന വ്യാജേന ഇരയായ ഋഷികേശിനെ വിളിച്ചു വരുത്തി കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് തല വെട്ടിമാറ്റുകയായിരുന്നു. കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായി.
പ്രധാന പ്രതികളായ പവൻ, പെൺകുട്ടിയുടെ സഹോദരനായ ബോബി, 2 കൂട്ടാളികൾ എന്നിവർ ഒളിവിലാണ്. അറസ്റ്റിലായ പ്രതിയുടെ മൊഴി പ്രകാരം പവൻ തന്‍റെ ഫോണിൽ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് പറഞ്ഞു
ഓഗസ്റ്റ് 30 ശനിയാഴ്ചയാണ് സംഭവം നടന്നത്. ഋഷികേശിനെ സുഹൃത്ത് പ്രിൻസാണ് വീട്ടിൽ നിന്ന് വിളിച്ച് ഇറക്കിയത്. വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവിനെ ബൈക്കിലെത്തിയ രണ്ടുപേർ അടുത്തുള്ള കാട്ടിലേക്ക് തട്ടിക്കൊണ്ട് പോവുകയായിരുന്നു.
കൈകാലുകൾ ബന്ധിച്ച ശേഷം കട്ടിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് ശരീരം കഷ്ണങ്ങളാക്കി പ്രധാന പ്രതിയായ പവൻ ഗംഗാ നദിയിൽ തള്ളി. ശരീരഭാഗങ്ങൾ കൊണ്ട് പോകാൻ പ്രതികൾ ഒരു ഓട്ടോ റിക്ഷ മോഷ്ടിക്കുകയും ചെയ്തു.
ഋഷികേശ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം ദുരൂഹത ആരോപിച്ച് കാണാതായതായി പരാതി നൽകിയതിനെ തുടർന്നാണ് കൊലപാതകം പുറത്തുവന്നത്. അന്വേഷണത്തിൽ, പവനുമായും ബോബിയുടെ സഹോദരിയുമായും ഇരയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. പവനും ബോബിയും അപ്പോഴൊക്കും ഒളിവിൽ പോയിരുന്നു. മറ്റൊരു കേസിൽ ജയിലിലായിരുന്ന പവൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.



