Logo Below Image
Monday, April 28, 2025
Logo Below Image
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (8) - തിലകൻ.

തിളക്കം കുറയാത്ത താരങ്ങൾ (8) – തിലകൻ.

സുരേഷ് തെക്കീട്ടിൽ.

തിലകൻ. അഭിനയകലയുടെ പാഠപുസ്തകം.
………………………………..

ആരിലും ഒരല്പം അസൂയയും അതിയായ അത്ഭുതവും അതിലേറെ ആദരവും ജനിപ്പിക്കുന്ന അഭിനയത്തികവിനേയും മികവിനേയും കൃത്യതയോടെ അടയാളപ്പെടുത്താൻ പാകത്തിലുള്ള ഒറ്റ വാക്കുണ്ടോ മലയാളത്തിൽ?അറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ അത് തിലകൻ എന്നാകാനേ സാധ്യതയുള്ളൂ. വേറൊരു വാക്കോ പേരോ അവിടെ പകരം ചേരുമോ? സംശയമാണ്. ആ അഭിനയ സിദ്ധി അറിഞ്ഞവർക്കെല്ലാം തിലകൻ അഭിനയത്തിൻ്റെ അവസാന വാക്കുകളിൽ ഒന്നു തന്നെയാണ്.

പാലപ്പുറത്തു കേശവൻ സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ എന്നും തൻ്റെ സിനിമാ വഴികളിൽ വേറിട്ടു സഞ്ചരിച്ച ഒരാൾ തന്നെയായിരുന്നു. സിനിമാ വഴികളിൽ മാത്രമല്ല ജീവിത വഴികളിലും അങ്ങനെ തന്നെയാണ് എന്ന് കേട്ടിട്ടുണ്ട്. വായിച്ചറിഞ്ഞിട്ടുമുണ്ട്. വെട്ടിത്തുറന്നു പറയുന്ന അഭിപ്രായങ്ങളും പരുക്കൻ ശീലങ്ങളും ഭാവങ്ങളും തൻ്റേടവും ചങ്കൂറ്റവും എല്ലാം ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയ ഒരാൾ . ഒരു പക്ഷേ അദ്ദേഹം അങ്ങനെ ആയതിനു കാരണങ്ങൾ ഉണ്ടാകാം. കടന്നു വന്ന വഴികളിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ ആ വ്യക്തിത്വത്തെ അങ്ങനെ വാർത്തെടുത്തതായിരിക്കാം.

തിലകൻ എന്ന ധീരനായ യുവ സൈനികനെ കുറിച്ചൊരു കഥയുണ്ട്. കഥയല്ല. നടന്ന സംഭവം തന്നെ ആധികാരികതയോടെ തന്നെ പല പ്രഗല്ഭരും ഈ വിവരം പിന്നീട് പങ്കുവെച്ചതായി അറിയാം. സൈനിക ജീവിതത്തിനിടെ ഗുരുതരമായ പരിക്കേറ്റ് ചികിത്സയുടെ ഭാഗമായി കാൽ മുറിച്ചു മാറ്റാൻ നിർദ്ദേശിക്കപ്പെട്ട തിലകൻ ബാരക്ക് സന്ദർശനത്തിനെത്തിയ അന്നത്തെ പ്രധാനമന്ത്രി സാക്ഷാൽ ജവഹർലാൽ നെഹ്രുവിനോട് സംസാരിക്കുന്നു. അതും ആരും സംസാരിക്കരുത് എന്ന കർശന വിലക്കുകൾ ലംഘിച്ചുകൊണ്ട് . തൻ്റെ അനുമതിയില്ലാതെ കാൽ മുറിച്ചു മാറ്റരുതെന്ന് ആവശ്യപ്പെടുന്നു. തിലകൻ്റെ കാൽ മുറിച്ചു മാറ്റിയില്ല എന്നു മാത്രമല്ല പരിക്കേറ്റ വ്യക്തിയുടെയോ കുടുംബത്തിൻ്റെയോ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങൾ പാടില്ല എന്ന ഉത്തരവും ഉണ്ടായി എന്നതാണ് കഥ.

തിലകൻ എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതമല്ലല്ലോ ഈ കുറിപ്പിൽ നാം കാര്യമായി വിലയിരുത്തേണ്ടത്. മറിച്ച് രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ച
അപരസാമ്യമില്ലാത്ത ആർക്കും അനുകരിക്കാൻ കഴിയാത്ത ആ തികഞ്ഞ അഭിനേതാവിനെ കുറിച്ചാണല്ലോ പറയേണ്ടത്. അവിടേക്ക് വരാം.

തിലകൻ അഭിനയിച്ച ഏത് സിനിമയും നമുക്ക് ചർച്ചയ്ക്കെടുക്കാം. എന്തുകൊണ്ടെന്നാൽ ചർച്ച ചെയ്യാൻ പ്രാപ്തമായ രീതിയിൽ ആ കഥാപാത്രത്തിലേക്ക് തിലകനിലെ നടൻ പ്രവേശിച്ച് നമ്മെ വിസ്മയപ്പെടുത്തിയിട്ടുണ്ടാകും .ഉറപ്പ്.

ഇവിടെ ഞാൻ പെരുന്തച്ചൻ എന്ന സിനിമയെക്കുറിച്ച് പറയുന്നില്ല. സംഘത്തിലെ അച്ഛൻ കഥാപാത്രത്തെ കുറിച്ചോ, ഏകാന്തത്തിലെ ഏട്ടൻ കഥാപാത്രത്തെ കുറിച്ചോ പറയുന്നില്ല. ഗോഡ് ഫാദറിലെ ബലരാമനെ കുറിച്ച് പരാമർശിക്കുന്നേയില്ല. കിരീടത്തിലെ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരേ യോ , കാട്ടുകുതിരയിലെ കൊച്ചു വാവയേയോ, പഞ്ചാഗ്നിയിലെ ഉള്ളിൽ കനലടങ്ങാത്ത വിപ്ലവ സിംഹം രാമേട്ടനെയോ, നരസിംഹത്തിലേയോ, കിലുക്കത്തിലേയോ തുടങ്ങി വൻ പ്രദർശന വിജയം നേടിയ ചിത്രങ്ങളിലെ നാടാകെയറിഞ്ഞ കഥാപാത്രങ്ങളേയോ വിലയിരുത്തുന്നില്ല. യവനിക, ഉസ്താദ് കുടുംബപുരാണം, നഖക്ഷതങ്ങൾ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്താനഗോപാലം, കുടുംബവിശേഷം തുടങ്ങിയ ചിത്രങ്ങളെ കുറിച്ചൊന്നും തന്നെ പറയുന്നില്ല. കാരണം അതെല്ലാം ആ സിനിമകളിലെ ഓരോ സംഭാഷണങ്ങളടക്കം ആ സംഭാഷണത്തിലെ പ്രത്യേകതനിറഞ്ഞ മൂളലും നോട്ടവുമടക്കം എല്ലാവരുടെയും മനസ്സിലുണ്ട്. എങ്കിൽ പിന്നെ ആരുടേയും മനസ്സിൽ നിൽക്കാത്ത ഏതെങ്കിലും കഥാപാത്രം തിലകൻ ചെയ്തിട്ടുണ്ടോ എന്നതാണ് ചോദ്യം എങ്കിൽ . ഇല്ല എന്നാണുത്തരം . എന്നാലും ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ കുറേ മികച്ച വേഷങ്ങൾ ഉണ്ട്. ഉദാഹരണം പൊന്ന് എന്ന സിനിമയിലെ അച്ചുതട്ടാര്, ജാതകത്തിലെ അന്ധവിശ്വാസിയായ കാരണവർ, മുക്തിയിലെ കള്ളുകുടിയനായ അമ്മാവൻ , മൂക്കില്ലാരാജ്യത്തിലെ ഒന്നാന്തരം വട്ടൻ, ധ്വനിയിലെ കുരുട്ടു ബുദ്ധിക്കാരനായ രാഷ്ട്രീയ നേതാവ്, അമ്പട ഞാനേയിലെ ലൈൻമാൻ അങ്ങനെ ഒന്നിനോടൊന്ന് സാമ്യമില്ലാത്ത എത്രയെത്ര കഥാപാത്രങ്ങൾ. എത്ര ഭംഗിയായാണ് തിലകൻ ഓരോ വേഷവും അഭിനയിച്ചു ഫലിപ്പിച്ചത്.

മുഖമുദ്രയിൽ കള്ളനായും പോലീസായും ഇരട്ടവേഷങ്ങൾ . രണ്ടിൽ ഏതിനാണ് കൂടുതൽ പൂർണത എന്ന ചോദ്യമുയർന്നാൽ രണ്ടിനും ഒരേ പോലെ എന്നല്ലേ ഉത്തരം. ജനം എന്ന സിനിമയിൽ ഡി.ജി.പി ആയി എത്തുമ്പോൾ ഭാവത്തിൽ രൂപത്തിൽ ചലനത്തിൽ തിലകൻ ആ തലത്തിലേക്ക് മാറുന്നത് എത്ര അനായാസമായാണ്. ഗൗരവഭാവത്തിൽ നർമം അവതരിപ്പിക്കുന്നതിൽ തിലകനെ മറികടക്കാൻ വേറെ അഭിനേതാക്കളുണ്ടോ ?. മീനത്തിൽ താലികെട്ടിലെ അച്ഛൻ, മൈ ഡിയർ മുത്തച്ഛനിലെ മുത്തച്ഛൻ, സന്മമനസ്സുള്ളവർക്ക് സമാധാനത്തിലെ അധോലോക നായകൻ ദാമോദർജി, നാടോടിക്കാറ്റിലെ കള്ളക്കടത്തു രാജാവ് അനന്തൻ നമ്പ്യാർ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. സിനിമയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പ്രധാന വേഷം തന്നെ വേണമെന്നില്ല എന്ന് എത്ര സിനിമകളിൽ നാമറിഞ്ഞു. അദ്ദേഹം അത് തെളിയിച്ചു തന്നു. തിലകൻ എത്തുമ്പോൾ ഏത് കഥാപാത്രവും കാമ്പുള്ളതായി മാറും. അതാണ് കരുത്തും കാമ്പുമുള്ള അഭിനയ ശൈലി.

1954 ജൂലായ് 15 നാണ് ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ പി.എസ്. കേശവൻ ദേവയാനി ദമ്പതികളുടെ മകനായാണ് തിലകൻ്റെ ജനനം. പതിനായിരത്തോളം വേദികൾ പിന്നിട്ട നാടക ജീവിതം തന്നെയായിരുന്നു തിലകൻ എന്ന അതിശക്തനായ നടനെ വാർത്തെടുത്തത്. 43 നാടകങ്ങൾ സംവിധാനം ചെയ്ത തിലകനെ സമ്പൂർണ്ണ നടനിലേക്ക് വളർത്തിയെടുത്തതും ഈ പരിചയസമ്പന്നത തന്നെയായിരിക്കണം. കേരളത്തിലെ ഒട്ടേറെ പ്രസിദ്ധമായ നാടക സമിതികളുമായി സഹകരിച്ചിട്ടുണ്ട് തിലകൻ.

സിനിമയിൽ തിലകൻ വൈകിയെത്തിയ ആളാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാലോ മലയാള സിനിമയുടെ നെടുംതൂണായി തിലകൻ വളർന്നത് ദീർഘകാലമെടുത്തല്ല. എഴുപതുകളുടെ രണ്ടാം പകുതിയിൽ സിനിമയിൽ സജീവമായ തിലകൻ എൺപതുകളുടെ തുടക്കമായപ്പോൾ തന്നെ സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.

തിലകൻ അഭിനയിച്ച സിനിമകളിലെ ഓരോ രംഗവും മലയാളി ഹൃദയത്തിൽ കൊണ്ടു നടക്കുന്നു. അങ്ങനെ നൂറു കണക്കിനു രംഗങ്ങൾ ഓരോരുത്തരുടെ മനസ്സിലുമുണ്ടാകും. എൻ്റെ മനസ്സിലുള്ള അത്തരം ഒരു പാട് രംഗങ്ങളിൽ ഒന്ന് മാത്രം പറയുന്നു. സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനമെന്ന ചിത്രത്തിൽ മരുതേമ്പള്ളി ഗംഗാധരൻ നായർ എന്ന കുടുംബ സ്നേഹിയായ അമ്മാവൻ കഥാപാത്രം ജോലി കിട്ടി തറവാട്ടിൽ നിന്നും പടിയിറങ്ങുന്ന മുകേഷ് അവതരിപ്പിക്കുന്ന മരുതേമ്പള്ളി ഗോപിനാഥനോട് കുറ്റസമ്മതം പോലെ പറയുന്നു.
” നല്ലതു വരണേ എന്നേ അമ്മാമ കരുതിയിട്ടുള്ളൂ. ഭാഗം പിരിഞ്ഞു പോയിട്ടും ഇതായിരുന്നു എൻ്റെ വീട്. നിങ്ങളായിരുന്നു എല്ലാം .നിങ്ങളുടെ ശ്രയസ്സിനു വേണ്ടിയേ എല്ലാം ചെയ്തിട്ടുള്ളൂ. അന്ധവിശ്വാസമാകാം പഴയ ആളല്ലേ മനസ്സിലുറച്ചു പോയി. തെറ്റാണെകിൽ ക്ഷമിക്കുക ”
സിനിമ കണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും പോകുന്നില്ല ആ ഭാവം ശബ്ദ നിയന്ത്രണം.തിലകനിലെ അഭിനേതാവിനെ അളക്കാൻ നമുക്കറിയാവുന്ന ഒരു അളവുകോലും മതിയാകില്ല. ആ രൂപവും,ഭാവവും ശബ്ദവും മാത്രമല്ല കഥാപാത്രമാകുന്നത്. വിരലുകളും കണ്ണുകളും പുരികവും എല്ലാം അഭിനയത്തിൽ ലയിച്ചുചേരും. അഭിനയത്തിൻ്റെ സർവ്വകലാശാല എന്ന് അഭിമാനത്തോടെ മലയാളിക്ക് ഈ നടനെ ചൂണ്ടി അഭിമാനത്തോടെ പറയാം. അത് വിലയിരുത്താൻ അദ്ദേഹം അഭിനയിച്ച ഏത് കഥാപാത്രത്തേയും നമുക്ക് പരിശോധിക്കുകയും ചെയ്യാം.

ഈ മഹാനടനെ തേടി എത്തിയ പുരസ്കാരങ്ങളും നിരവധിയാണ്.1990 ൽ പെരുന്തച്ചനിലൂടെയാണ് തിലകൻ ഏറ്റവും മികച്ച നടനുള്ള മികച്ച നടനുള്ള സംസ്ഥാന അംഗീകാരം നേടുന്നത്.94-ൽ ഗമനം, സന്താനഗോപാലം എന്നീ സിനിമകളിലൂടെ മികച്ച നടനുള്ള പുരസ്കാരം വീണ്ടും തിലകനിലേക്കെത്തി. കൂടാതെ 82,85,86,87,88,98 എന്നീ വർഷങ്ങളിലായി ആറു തവണയാണ് മികച്ച സഹനടനുള്ള അവാർഡ് തിലകന് ലഭിച്ചത്. വ്യത്യസ്ത പുരസ്കാരങ്ങളുടെ പട്ടിക പിന്നേയും ഏറെ നീളുന്നു.

വാക്കിലും നോക്കിലും ഉശിരിൻ്റെ ശബ്ദമായി അണയാത്ത പോരാട്ട വീര്യമായി ഒരു ജീവിതം. ആർക്കും തോൽപ്പിക്കാനാവില്ല അഭിനയത്തിലും ജീവിതത്തിലും എന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തി കടന്നു പോയ മഹാപ്രതിഭ .തിലകൻ ചെയ്ത വേഷങ്ങൾ അത് ചെറുതോ വലുതോ ആകട്ടെ തിലകന് മാത്രം സാധിക്കുന്നത് എന്ന് നമുക്ക് തോന്നുന്നതെന്തുകൊണ്ട്?
അതിൻ്റെ ഉത്തരം തിലകൻ ചെയ്തതു കൊണ്ട് നാമത് കണ്ടതു കൊണ്ട് നമ്മുടെ ഉള്ളിൽ അതുള്ളതുകൊണ്ട് എന്നുതന്നെയാണ്.

അഭിനയകലയുടെ പെരുന്തച്ചൻ എന്ന സ്ഥാനവും പ്രയോഗവും തിലകനു വേണ്ടി മാറ്റി വച്ചിട്ടുണ്ട് മലയാളി. ഇതിലും വലിയ അംഗീകാരം ഒരു നടന് ലഭിക്കാനുണ്ടോ?

അവതരണം: സുരേഷ് തെക്കീട്ടിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ