ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് സന്നിധാനത്തേക്കെത്തുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
കുട്ടികൾക്കായി പ്രത്യേക വരി ഏർപ്പെടുത്തിയതും, അയ്യപ്പദർശനത്തിന് ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസ്, ഉദ്യോഗസ്ഥരും ദേവസ്വം ബോർഡ് ജീവനക്കാരും സഹായിക്കുന്നതും കുട്ടികളുമായി എത്തുന്നവർക്ക് ഏറെ സഹായകമാകുന്നുണ്ട്.പതിനെട്ടാംപടി കയറുന്നതിനിടെ കൂട്ടംതെറ്റി പോകുന്ന കുട്ടികളെ പൊലീസുകാർ സുരക്ഷിതമായി കൂട്ടിക്കൊണ്ടുവന്ന് മുൻനിരയിൽ നിർത്തി ദർശനം സാധ്യമാക്കി രക്ഷിതാക്കൾക്കൊപ്പം ആക്കുന്നതും പിൻനിരയിലൂടെ പെട്ടുപോകുന്ന കുട്ടികളെ പൊലീസുകാർ എടുത്തുയർത്തി അയ്യപ്പദർശനം സാധ്യമാക്കുന്നതും നിത്യകാഴ്ചയാണ്.
ഡിസംബർ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസം കൊണ്ട് ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെത്തിയത് ഡിസംബർ 19നാണ്-7138 പേർ. ഡിസംബർ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും എത്തി എന്നാണ് കണക്ക്.
ഈ ദിവസങ്ങളെ അപേക്ഷിച്ചു തിരക്ക് കുറഞ്ഞ ഡിസംബർ 21,22 തിയതികളിൽ 3985, 3665 എന്നിങ്ങനെയാണ് കുട്ടികളുടെ വരവ് തിരക്ക് വീണ്ടും കൂടിയ ഇന്ന്(ഡിസംബർ 23) കുട്ടികളുടെ വൻതോതിലുള്ള ഒഴുക്കാണ് കാണുന്നത്.
കുട്ടികളുടെ കൈയിൽ അണയ്ക്കുന്ന റിസ്റ്റ് ബാൻഡിന്റെ അടിസ്ഥാനമെടുത്താൽ എണ്ണത്തിൽ വലിയ വർധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 21 വരെ 2,24,768 പേരാണ് റിസ്റ്റ്് ബാൻഡ് അണിഞ്ഞു സന്നിധാനത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഈ സമയം 1,70,042 പേരാണ് റിസ്റ്റ് ബാൻഡ് അണിഞ്ഞത്. പ്രായമേറിയ സ്ത്രീകൾക്കും കൂട്ടം തെറ്റാതിരിക്കാൻ റിസ്റ്റ് ബാൻഡ് നൽകാറുണ്ട്.