Saturday, December 21, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ഡിസംബർ 20 | വെള്ളി ✍ കപിൽ ശങ്കർ

വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ഡിസംബർ 20 | വെള്ളി ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹അംബേദ്കര്‍ വിവാദത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ രണ്ട് ബി.ജെ.പി. എം.പിമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി തള്ളിയതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പി. എംപിമാര്‍ തള്ളിയതിനെത്തുടര്‍ന്ന് തനിക്കും പരിക്കേറ്റെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിരുന്നു. പരിക്കേറ്റെന്ന് ബി.ജെ.പി. പറയുന്ന എം.പിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയും ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതിനിടെ രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ബി.ജെ.പിയുടെ നാഗാലാന്‍ഡില്‍നിന്നുള്ള വനിതാ എം.പി. ഫോങ്‌നോന്‍ കോന്യാകും രംഗത്തെത്തിയിരുന്നു.

🔹ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ചെന്നാരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ദില്ലി പോലിസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി.

🔹പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍. അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ കടുത്ത നടപടി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

🔹അംബേദ്കര്‍ വിവാദം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരായ കേസ് നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തിന് ബിജെപിയും തയ്യാറെടുത്തതോടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസവും സഭ പ്രക്ഷുബ്ധമായി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12 മണി വരെയും ലോക്‌സഭ അനിശ്ചിതകാലത്തേക്കും പിരിഞ്ഞു.

🔹മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. എക്‌സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

🔹കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച തിരുനെല്‍വേലി സ്വദേശികളായ ഏജന്റുമാരാണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിന്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റില്‍ മാലിന്യം എത്തിച്ച് സംസ്‌കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം.

🔹വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും നടപടി. മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത് വകുപ്പിനും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാനാണ് മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

🔹വയനാടിലെ ബി ജെ പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ പി മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദീര്‍ഘ കാലമായി ബി ജെ പിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കല്‍പ്പറ്റയിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ടി സിദ്ദീഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം.എല്‍ എ, മുന്‍മന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

🔹വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയില്‍ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികള്‍ നടത്തുന്നതെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

🔹ചോദ്യ പേപ്പര്‍ ഒരിക്കല്‍ പോലും ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സിന്റെ സിഇഒ എം ഷുഹൈബ്. ചോദ്യങ്ങള്‍ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ചോദ്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയില്‍ താന്‍ പ്രവചിച്ച നാലു ചോദ്യങ്ങള്‍ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു.

🔹സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

🔹കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

🔹കണ്ണൂര്‍ സര്‍വകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷ ഫലം ചോര്‍ന്നുവെന്ന് ആരോപണം. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം. രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

🔹മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളേജ്. മുനമ്പം ഭൂമി തര്‍ക്ക വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്.

🔹സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി സ്ഥിരമായി വാടകയ്ക്ക് നല്‍കുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

🔹ഏഴു ദിനരാത്രങ്ങള്‍ നീണ്ടുനിന്ന 29-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും. സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്, സുവര്‍ണ ചകോരം, രജത ചകോരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിക്കും.

🔹പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിന് സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിലവില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ ദുര്‍ബലമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചെയ്യാന്‍ മുതിര്‍ന്നു എന്ന കുറ്റത്തിന് മൂന്ന് വര്‍ഷം മാത്രം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് മാത്രമാണിതെന്നും ഗീതാനന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

🔹കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിര്‍മ്മാണത്തിനിടെ നടന്ന അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പര്‍ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയില്‍ പെട്ടായിരുന്നു മരണം. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

🔹മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എന്‍എസ്എസ്. എട്ടു വര്‍ഷമായി എന്‍എസ്എസും ചെന്നിത്തലയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ താക്കോല്‍ സ്ഥാന പരാമര്‍ശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകല്‍ച്ചക്ക് കാരണം.

🔹അങ്കമാലി അര്‍ബന്‍ സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ മൂന്ന് പേര്‍ അറസ്റ്റില്‍. രാജപ്പന്‍ നായര്‍, പി വി. പൗലോസ്, മേരി ആന്റണി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാജപ്പന്‍ നായര്‍ മുന്‍ പ്രസിഡന്റും പി വി പൗലോസ് വൈസ് പ്രസിഡന്റുമായിരുന്നു.

🔹വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

🔹ശബരിമല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ പുന്നപാക്കം ചെങ്കല്‍ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്. വാഹനം പിന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

🔹എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ തത്കാലം വിട്ടയയ്ക്കുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു.

🔹എറണാകുളം കോതമംഗലത്ത് ആറുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്നും പോലീസ് അറിയിച്ചു. ഉറങ്ങിക്കിടന്ന കുഞ്ഞിനെ രണ്ടാനമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. കുട്ടിയുടെ അച്ഛന് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി കോതമംഗലത്താണ് താമസം.

🔹കോട്ടയം മുണ്ടക്കയത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിന്റെ മകന്‍ അക്ഷയ് അനീഷ് (18) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുരിക്കുംവയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു അനീഷ്.

🔹ലൈംഗികാത്രിക്രമ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

🔹തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കാരണം പറയാനാകൂവെന്ന് തമിഴ്‌നാട് വൈദ്യുത ബോര്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.

🔹ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്.

🔹ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2024 ല്‍ 129 ബില്യണ്‍ ഡോളറാണ് (ഏകദേശം 10,96,500 കോടി രൂപ) ഇന്ത്യയിലേക്ക് വന്നത്. മെക്‌സിക്കോ, ചൈന, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുളളത്. വികസിത രാജ്യങ്ങളിലെ തൊഴില്‍ വിപണി സജീവമായതാണ് ഇന്ത്യക്ക് നേട്ടമായത്. 2023 ലെ 1.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ പണമയക്കലിന്റെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയക്കലും നേരിട്ടുള്ള വിദേശ നിക്ഷേപവും തമ്മിലുള്ള അന്തരം 2024 ല്‍ ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളള പണമയയ്ക്കല്‍ 57 ശതമാനം വര്‍ധിച്ചപ്പോള്‍ എഫ്.ഡി.ഐ യില്‍ 41 ശതമാനം കുറവുണ്ടായതാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളിലേക്ക് ശക്തമായ പണമൊഴുക്കാണ് ഉണ്ടാകുന്നത്. നിലവിലെ പ്രവണതയനുസരിച്ച് കണക്കാക്കിയാല്‍ ഇത് 11.8 ശതമാനത്തിലെത്തും. തെക്കേ ഏഷ്യയിലേക്കുള്ള പണമൊഴുക്ക് 2024 ല്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

🔹രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സിറിയയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

🔹മോഷണക്കേസില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണു. ഒരു പരിശോധനയും നടത്താതെ കള്ളനെന്ന് മുദ്രകുത്തി കസ്റ്റഡിയിലെടുത്ത ശേഷം കോന്നി, ഇരവിപുരം സ്റ്റേഷനുകളിലെ പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും വിഷ്ണു പറയുന്നു. ക്ഷേത്രത്തിലെ പൂജകള്‍ പോലും തടസപ്പെടുത്തി കീഴ്ശാന്തിയെ കൊണ്ടുപോയ പൊലീസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം.

🔹വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. മൂന്നാമത്തേയും അവസാനത്തേയും ടി20യില്‍ 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 47 പന്തില്‍ 77 റണ്‍സ് നേടിയ സ്മൃതി മന്ദാന കരുത്തില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

🔹അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ‘കണ്ണാടി പൂവേ’ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് സാം സി എസ്. വിനീത് ശ്രീനിവാസനും സാം സി എസും ചേര്‍ന്ന് പാടിയിരിക്കുന്ന ഈ ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

🔹ഇന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു. വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘പ്രൊഡക്ഷന്‍ നമ്പര്‍ 1’ എന്നാണ് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്നത്. എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് വര്‍ഷാ വാസുദേവ്. പൂര്‍ണ്ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments