തിരുവനന്തപുരം:ഭൂമിയുടെ അതിരിനെച്ചൊല്ലി അയൽക്കാരുമായി ഇനി വഴക്കിടേണ്ട. ഓരോ കൈവശക്കാരന്റെയും ഭൂമിയുടെ ചിത്രം (ഡിജിറ്റൽ സ്‌കെച്ച്) ആധാരത്തിനൊപ്പം ചേർക്കും. ആധാരത്തിൽ ചേർക്കാനായില്ലെങ്കിൽ റവന്യുരേഖകളിൽ ചിത്രമുണ്ടാകും.
കോട്ടയം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായ നാലുവില്ലേജുകൾ അധികാരപരിധിയായിവരുന്ന സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ആദ്യം നടപ്പാക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നമുറയ്ക്ക് സംസ്ഥാനത്താകെ ബാധകമാക്കാനാണ് തീരുമാനം.
നിലവിൽ ആധാരം രജിസ്റ്റർചെയ്യുമ്പോൾ ആവശ്യമെങ്കിൽ വസ്തുവിന്റെ ചിത്രം വരച്ചുചേർക്കുകയാണ് ചെയ്യുന്നത്. ഇത് കൃത്യമാകണമെന്നില്ല. പുതിയരീതി വരുന്നതോടെ ഭൂമിയുടെ ശരിയായ അതിരും രൂപവും പുതിയ ആധാരങ്ങളിലും മറ്റുരേഖകളിലുമാകും. ആധാരം നടക്കുന്നദിവസംതന്നെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണമെന്ന ലക്ഷ്യത്തിലാണ് സർക്കാർ. അതിനും ഭൂരേഖ കൃത്യമാക്കാനും ഡിജിറ്റൽ ചിത്രം സഹായകരമാകും.
ഡിജിറ്റൽ റീസർവേയുടെ കരട് വിജ്ഞാപനം ഭൂമിയുടെ ഉടമകൾക്ക് പരിശോധിക്കാനും തെറ്റുതിരുത്താനും അവസരം ലഭിക്കുമെന്നതിനാൽ പിന്നീട് പരാതികളുമുണ്ടാകില്ല. റവന്യുവകുപ്പിന്റെ ‘എന്റെ ഭൂമി’ പോർട്ടലിൽവരുന്ന കരടുരേഖ തദ്ദേശസ്വയംഭരണ വകുപ്പിന്റെകൂടി പങ്കാളിത്തത്തോടെ മുഴുവൻപേരിലും എത്തിക്കാൻ റവന്യു-തദ്ദേശ വകുപ്പുകൾ യോജിച്ചുനീങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.