ബംഗ്ളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തിരച്ചിലിൽ കാണാതായ ട്രക്കിന്റെ നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്റെ ട്രക്ക് തന്നെയെന്നാണ് നിഗമനം. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം.
60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ല. എന്നാൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴും മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ സാധിക്കാത്തത്.
ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. ഐബോഡ് സംഘത്തിന്റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരുന്നുണ്ട്. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ ഉപയോഗിച്ചും വ്യക്തതയുള്ള ചിത്രം കിട്ടാനായി ശ്രമം നടത്തുന്നുണ്ട്. രണ്ട് ലോങ് ബൂം എസ്കവേറ്ററുകളും പുഴക്കരികിലെ മണ്ണ് നീക്കിയും പരിശോധന നടത്തുകയാണ്.