പാരിസ് ഒളിമ്പിക്‌സിൽ എട്ടിനങ്ങളില്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യം മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി ബാഡ്മിന്റണിൽ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ എന്നിവർ സിംഗിൾസിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ് സഖ്യം പുരുഷ ഡബിൾസിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും മത്സരിക്കും.ബോക്‌സിങ്ങിൽ ആറ് ബോക്‌സർമാരാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.
ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിർന്നതാരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ടേബിൾ ടെന്നീസിൽ ഹർമീത് ദേശായി പ്രാഥമിക മത്സരത്തിന് ഇറങ്ങും. റോവിങ്ങിലെ പുരുഷ സിംഗിൾസ് സ്‌കൾ വിഭാഗത്തിൽ ബൽരാജ് പൻവർ മത്സരിക്കും. ഹോക്കിയിൽ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലംനേടിയ ഇന്ത്യൻ ഹോക്കി ടീമിന് ആദ്യകളിയിൽ ന്യൂസീലൻഡാണ് എതിരാളി. രാത്രി ഒൻപതു മണിക്കാണ് മത്സരം. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുണ്ട്. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ആദ്യദിനത്തിൽ ഇടിക്കൂട്ടിലെത്തും. അമിത് പംഗൽ, നീഷാന്ത് ദേവ്, നിഖാത് സരിൻ, ജാസ്മിൻ ലാംബോറിയ, ലൗലീന ബോർഹെയ്ൻ എന്നിവർ അടുത്ത ദിവസങ്ങളിൽ മത്സരിക്കും.
10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാറൗണ്ടിൽ മത്സരിക്കും. കഴിഞ്ഞ ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഇനത്തിൽ ദിവ്യാൻഷ് സിങ് പൻവാർ-എളവേണിൽ വളറിവാൻ സഖ്യം 12-ാമതും ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യം 18-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇത്തവണ ലോകറാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള എളവേണിൽ 16-ാം റാങ്കുകാരനായ സന്ദീപ് സിങ്ങിനൊപ്പമാണ് മത്സരിക്കുന്നത്. 14-ാം റാങ്കുകാരനായ അർജുനും 19-ാംറാങ്കുകാരി രമിതയും ഒരുമിച്ചിറങ്ങും. ഈ വിഭാഗത്തിൽ അപ്രതീക്ഷിതപ്രകടനമുണ്ടായാൽ മെഡൽസാധ്യതയുണ്ട്. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സരബ്‌ജോത് സിങ്, മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവർ മെഡൽപ്രതീക്ഷകളാണ്.21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിമ്പിക്‌സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘമാണിത്. 15 വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്.