Monday, November 25, 2024
Homeകേരളംനിപ രോഗബാധ: ആനക്കയത്തും പാണ്ടിക്കാട്ടും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി:

നിപ രോഗബാധ: ആനക്കയത്തും പാണ്ടിക്കാട്ടും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി:

മലപ്പുറം ജില്ലയിൽ പൊതുവായ നിയന്ത്രണങ്ങൾ:നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010
0483-2732050
0483-2732060
0483-2732090

നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു.

പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും. സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകൾ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങൾ

1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
3. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
7. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483-2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.

മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ബ്രൈറ്റ് ട്യൂഷൻ സെന്റ‍ര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള തീയതികളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം

 

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

നിപ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.
ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments