ഗാന്ധിനഗർ: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ചു മരണം 20 ആയി. ഇന്നലെ മാത്രം മരിച്ചത് അഞ്ച് പേരാണ്. 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകി.
പനിബാധിതരായ മുതിർന്നവരുമ്പ, കുട്ടികളും ഉൾപ്പെടെ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിർദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.