തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. സാഹചര്യം മാറുകയാണെങ്കിൽ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും മലപ്പുറം, ഇടുക്കി ജില്ലകളിൽ ഭാഗികമായ അവധിയും പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് വെള്ളിയാഴ്ച (2024 ജൂലൈ 19 ) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്‍സി പരീക്ഷകളും നടക്കും. കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.