ലണ്ടൻ ; വിംബിൾഡൺ ടെന്നീസിൽ ചെക്ക് കുതിപ്പ്. ബാർബോറ ക്രെജിക്കോവയിലൂടെ വനിതാ സിംഗിൾസ് കിരീടം തുടർച്ചയായ രണ്ടാംതവണയും ചെക്ക് റിപ്പബ്ലിക്കിലേക്ക്. കഴിഞ്ഞവർഷം മർക്കേറ്റ വന്ദ്രൗസൊവയായിരുന്നു ചാമ്പ്യൻ. മൂന്നു സെറ്റ് പോരിൽ ഇറ്റലിക്കാരി ജാസ്‌മിൻ പൗളിനിയെയാണ് ക്രെജിക്കോവ തോൽപ്പിച്ചത്. (6–-2, 2–-6, 6–-4). ഇന്ന് പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് മുൻ ചാമ്പ്യൻ നൊവാക് ജൊകോവിച്ചിനെ നേരിടും.
കഴിഞ്ഞവർഷവും ഇരുവരും തമ്മിലായിരുന്നു കലാശക്കളി. വനിതാ സിംഗിൾസ് ഫൈനൽ വാശിയേറിയതായിരുന്നു. പൗളിനിയും ക്രെജിക്കോവയും വിംബിൾഡണിലെ ആദ്യഫൈനൽ ആസ്വദിച്ച് കളിച്ചു. ക്രെജിക്കോവയുടെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. 2021ൽ ഫ്രഞ്ച് ഓപ്പണും ഇരുപത്തെട്ടുകാരി നേടിയിട്ടുണ്ട്. പൗളിനിയുടെ രണ്ടാം ഗ്രാൻഡ് സ്ലാം ഫൈനൽ തോൽവിയാണ്. ഈവർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിലും ഇരുപത്തെട്ടുകാരി തോറ്റിരുന്നു.
ആദ്യസെറ്റ് അനായാസം ക്രെജിക്കോവ നേടി. രണ്ടാംസെറ്റിൽ പൗളിനി തിരിച്ചടിച്ചു. അവസാന സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു. പരസ്‌പരം വിട്ടുകൊടുക്കാതെ മുന്നേറി. ഏഴാം ഗെയിമിൽ കളി മാറി. പൗളിനിയുടെ സെർവ് ക്രെജിക്കോവ ഭേദിച്ചു. നിർണായക ഘട്ടത്തിൽ ഇറ്റലിക്കാരി ഇരട്ടപ്പിഴവ് വരുത്തി. അതിൽനിന്ന് കരകയറാൻ കഴിഞ്ഞില്ല.
പത്താംഗെയിമിൽ കടുത്ത പോരാട്ടം നടന്നു. രണ്ടുതവണ ചാമ്പ്യൻഷിപ് പോയിന്റ് അവസരം നഷ്ടമാക്കിയ ചെക്ക് താരം മൂന്നാംശ്രമത്തിൽ വിജയിച്ചു. തകർപ്പൻ സെർവിലൂടെ 31–-ാം സീഡായ ക്രെജിക്കോവ ജയംകുറിക്കുകയായിരുന്നു. പുരുഷ സെമിയിൽ ഇറ്റലിയുടെ ലൊറെൻസോ മുസേട്ടിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജൊകോ ഫൈനലിൽ കടന്നത്. ഇവിടെ ഏഴുതവണ ചാമ്പ്യനാണ് മുപ്പത്തേഴുകാരൻ. ഇന്ന് അൽകാരസിനെ തോൽപ്പിച്ചാൽ 25 ഗ്രാൻഡ് സ്ലാം കിരീടങ്ങളാകും സെർബിയക്കാരന്. അൽകാരസ് നാലാം ഗ്രാൻഡ് സ്ലാമാണ് ലക്ഷ്യമിടുന്നത്.