Saturday, November 23, 2024
Homeകായികംപകരക്കാരന്റെ ഗോളില്‍ വിജയം; ചരിത്രം കുറിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍.

പകരക്കാരന്റെ ഗോളില്‍ വിജയം; ചരിത്രം കുറിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍.

അവസാന നിമിഷത്തിലെത്തിയ പകരക്കാരന്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ വിജയഗോളടിച്ച് ഇംഗ്ലണ്ടിനെ യൂറോ കപ്പ് ഫൈനലിലെത്തിച്ചതിനൊപ്പം ഒരു ചരിത്രവും പിറന്നു. തുടര്‍ച്ചയായ രണ്ടാം യൂറോ ഫൈനലിലേക്ക് എത്തിയെങ്കിലും വിദേശമണ്ണില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.

90-ാം മിനിറ്റില്‍ ഒലി വാറ്റ്കിന്‍സാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്. കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ ഉചിതമായ തീരുമാനമായിരുന്നു ആ മാറ്റം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ വിജയം. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ കരുത്തരായ സ്പെയിന്‍ ആണ് ഇംഗ്ലീഷ് സംഘത്തിന്റെ എതിരാളികള്‍.

പരാജയപ്പെട്ടതോടെ ആറാം തവണ സെമിയിലെത്തിയിട്ടും നെതര്‍ലന്‍ഡ്സിന് ഫൈനല്‍ ടിക്കറ്റ് ലഭിക്കാതെ മടങ്ങാനായിരുന്നു വിധി. ആവേശകരമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു. ഏഴാം മിനിറ്റിലായിരുന്നു സുന്ദരമായ ആ ഗോള്‍. ഇംഗ്ലീഷ് താരം ഡെക്ലാന്‍ റൈസില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോണ്‍സിന്റെ കിടിലന്‍ ലോങ് റേഞ്ചര്‍ തടയാന്‍ ഇംഗ്ലീഷ് കീപ്പര്‍ ജോര്‍ദന്‍ പിക്ഫോര്‍ഡിനായില്ല. പിക്‌ഫോര്‍ഡിന്റെ വിരലിലുരുമ്മി പന്ത് വല തൊട്ടു. എന്നാല്‍ നെതര്‍ലാന്‍ഡ്‌സിനെ അധികസമയം ലീഡില്‍ തുടരാന്‍ ഇംഗ്ലീഷ് സംഘം അനുവദിച്ചില്ല.

നിനച്ചിരിക്കാതെ വീണുകിട്ടിയ പെനാല്‍റ്റി പതിനെട്ടാം മിനിറ്റില്‍ ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍താരം ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ലഭിക്കുന്നതിന് തൊട്ടുമുമ്പ് 16-ാം മിനിറ്റില്‍ ഡച്ചുകാരുടെ ബോക്‌സില്‍ കടന്നുകയറിയ ഹാരികെയ്ന്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ക്കുന്നതിനിടെ നെതര്‍ലാന്‍ഡ്‌സ് പ്രതിരോധനിരതാരം കാലില്‍ ചവിട്ടിയതിനായിരുന്നു സ്‌പോട്ട്കിക്ക് അനുവദിച്ചത്. വാറില്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments