ഇൻഡോർ: രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം ബാൽക്കണിയിൽ നിൽക്കുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്ക് ശേഷം ബാൽക്കണിയിൽ സംസാരിച്ചിരിക്കെയാണ് ദിവ്യാംശ് (21) ഹൈ ടെൻഷൻ പവർ ലൈനുമായി സമ്പർക്കത്തിൽ വരികയായിരുന്നു. 21കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് നീരജ് പട്ടേൽ(26) എന്ന സുഹൃത്തിന് വൈദ്യുതാഘാതമേറ്റത്. ഇൻഡോർ സ്വദേശികളായ ദിവ്യാംശ്, നീരജ് പട്ടേലും തൽക്ഷണം മരിച്ചു.
ഇൻഡോറിലെ സിലികോൺ സിറ്റിയ്ക്ക് സമീപമുള്ള റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. ബഹുനില കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന ഹൈ ടെൻഷൻ പവർ ലൈനാണ് അപകടകാരണമായത്.
സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ഡിസിപി വിനോദ് കുമാർ മീണ വിശദമാക്കിയത്.
സുഹൃത്തുക്കളെ ഹൈ ടെൻഷൻ പവർ ലൈനിൽ നിന്ന് മരക്കഷ്ണം ഉപയോഗിച്ച് നീക്കാൻ ശ്രമിച്ചപ്പോഴാണ് മൂന്നാമന് പരിക്കേറ്റത്. യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രണ്ട് ദിവസം മുൻപ് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കൗമാരക്കാരൻ മരിച്ചിരുന്നു.