കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് എടുക്കാം. പൂർണമായും മൊബൈൽ ആപ്പ് വഴിയാണ് പ്രവർത്തനം യുലു എന്ന മൊബൈൽ ആപ്പ് വഴി പേയ്‌മെന്റ് ചെയ്ത് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്താൽ വാഹനം അൺലോക്കാകും. അര മണിക്കൂർ ഉപയോഗത്തിന് 100 രൂപയാണ് നിരക്ക്. ഒരു മണിക്കൂറിന് 140 രൂപയും, 24 മണിക്കൂറിന് 500 രൂപയുമാണ് നിരക്ക് വരുന്നത്.
പൂർണമായും കാർബൺ രഹിതമായാണ് യുലു സ്‌കൂട്ടറുകൾ പ്രവർത്തിക്കുന്നത്. ബാറ്ററി ചാർജിങ്ങിന് സോളാർ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രജിസ്‌ട്രേഷൻ ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് ലൈസൻസും ആവശ്യമില്ല. സ്‌കൂട്ടറിൽ ചാർജ് തീർന്നാൽ സ്‌കൂട്ടറിൽ തന്നെ അത് കാണിക്കും. എവിടെ വച്ച് ചാർജ് തീരുന്നോ അവിടെ സ്‌കൂട്ടർ വച്ചാൽ, യുലു പ്രതിനിധകൾ എത്തി സ്‌കൂട്ടർ എടുത്തുകൊണ്ടുപോകും.
ആദ്യ ഘട്ടത്തിൽ 50 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. അടുത്ത ഘട്ടത്തിൽ ഫുഡ് ഡെലിവറിക്കായും വാടകയ്ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടർ ലഭ്യമാക്കും.