കോട്ടയ്ക്കൽ.–കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രി (ചാരിറ്റബിൾ ഹോസ്പിറ്റൽ) ശതാബ്ദി നിറവിൽ. ആയുർവേദത്തിനൊപ്പം അലോപ്പതി ചികിത്സയും സൗജന്യമായി നൽകുന്ന അപൂർവം ആതുരാലയങ്ങളിൽ ഒന്നാണിത്. ഒരു വർഷം നീളുന്ന പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
1902ൽ ആണ് വൈദ്യരത്നം പി.എസ്.വാരിയർ കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിക്കുന്നത്. സ്ഥാപനം വളർന്നുവികസിച്ചതോടെയാണ് ആയുർവേദത്തിനൊപ്പം തന്നെ അലോപ്പതിചികിത്സയുടെ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന ചിന്ത അദ്ദേഹത്തിലുണ്ടായത്. സമൂഹത്തോടും അവശവിഭാഗങ്ങളോടും അദ്ദേഹം കാണിച്ച പ്രതിപത്തിയുടെയും പ്രതിബദ്ധതയുടെയും പ്രതീകം കൂടിയായിട്ടാണ് 1924ൽ ധർമാശുപത്രി സ്ഥാപിക്കുന്നത്. അന്നുമുതൽ ഇന്നുവരെ ലക്ഷക്കണക്കിന് ആളുകൾ ഈ ആതുരാലയത്തിന്റെ സേവനം ഉപയോഗിച്ചു. ആയുർവേദ ചികിത്സ ആവശ്യമുള്ളവർക്കു അതും മറ്റുള്ളവർക്കു അലോപ്പതി ചികിത്സയും സൗജന്യമായി ലഭ്യമാക്കി. അതോടൊപ്പം സൗജന്യ കാൻസർ ഒപിയും സഞ്‌ജീവനം പാലിയേറ്റീവ് കെയർ ക്ലിനിക്കും ഇവിടെയുണ്ട്. കൂടാതെ, ക്ലിനിക്കൽ റിസർച് കേന്ദ്രവും പ്രവർത്തിക്കുന്നു. കഴിഞ്ഞവർഷം മാത്രം 2 ലക്ഷത്തിൽ പരം ആളുകൾക്കാണ് ആശുപത്രിയുടെ സൗജന്യസേവനം ലഭ്യമായത്.
കഥകളിരംഗത്തെ കലാമണ്ഡലം കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ, കീഴ്പടം കുമാരൻ നായർ, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം ഗോപി, കോട്ടയ്ക്കൽ ദേവദാസ്, കോട്ടയ്ക്കൽ മധു, കോട്ടയ്ക്കൽ രവി, കൂടിയാട്ട രംഗത്തെ മാണിമാധവ ചാക്യാർ, വാദ്യരംഗത്തെ പല്ലാവൂർ അപ്പുമാരാർ, പല്ലാവൂർ കുഞ്ഞുകുട്ടൻ മാരാർ, പല്ലാവൂർ മണിയൻമാരാർ, തൃത്താല കേശവപ്പൊതുവാൾ, ഞരളത്ത് രാമപ്പൊതുവാൾ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ, ഗായിക കെപിഎസി സുലോചന, നടൻ ജഗന്നാഥ വർമ തുടങ്ങിയ
മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെ പേർ പലപ്പോഴായി ഇവിടെ ചികിത്സതേടിയെത്തിയവരിൽ പെടും.
സെമിനാറുകൾ, പ്രഭാഷണങ്ങൾ, എക്സിബിഷൻ, സാംസ്കാരിക പരിപാടികൾ, പി.എസ്.വാരിയരുടെ ജീവിതം അവലംബമാക്കി രചിച്ച നാടകത്തിന്റെ അവതരണം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും.
ആഘോഷപരിപാടികളുടെ ഉദ്ഘാടനം 29ന് വൈകിട്ട് 6ന് ആശുപത്രി അങ്കണത്തിൽ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആര്യവൈദ്യശാല സിഇഒ കെ.ഹരികുമാർ അധ്യക്ഷത വഹിക്കും. ചലചിത്രതാരവും നർത്തകിയുമായ ആശശരത് മുഖ്യാതിഥിയാകും.
– – – – – – –