Wednesday, December 25, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 24 | ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 24 | ബുധൻ

കപിൽ ശങ്കർ

🔹ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചരണം. കേരളത്തിലെ 20 മണ്ഡലങ്ങളുള്‍പ്പെടെ മറ്റ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 89 മണ്ഡലങ്ങളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. അസമിലെയും ബിഹാറിലെയും അഞ്ച് വീതവും ഛത്തീസ്ഗഡിലെ മൂന്നും കര്‍ണാടകയിലെ 14 ഉം കേരളത്തിലെ 20 ഉം മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും എട്ട് വീതവും രാജസ്ഥാനിലെ 13 ഉം പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടിംഗില്‍ ജനവിധിയെഴുതുക.

🔹ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധി . കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 നാണ്. അന്നേദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

🔹49കോടി മുടക്കി 8 വർഷം കൊണ്ട് പണിത പാലം തകർന്നു വീണു. തെലങ്കാനയിലെ പെഡാപ്പള്ളിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് ശേഷമാണ് പാലം തകർന്നത്. രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെയാണ് രണ്ടു തൂണുകൾക്ക് ഇടയ്ക്കുള്ള അഞ്ച് കോൺക്രീറ്റ് ഗർഡറുകളിൽ രണ്ടെണ്ണം തകർന്നുവീണതെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു.

🔹വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. നാലുപേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ 6.10 -ഓടെ തലപ്പുഴ കമ്പമലയിലെ പാടിയിൽ എത്തിയത്. ഇവരിൽ രണ്ടുപേരുടെ കയ്യിൽ ആയുധമുണ്ടായിരുന്നു. വോട്ട് ബഹിഷ്കരിക്കുക എന്നായിരുന്നു സംഘം ആഹ്വാനം ചെയ്തത്. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ ഇവർ കാട്ടിലേക്ക് മടങ്ങി. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്.

🔹മലപ്പുറം: കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷപ്പെട്ട പ്രതി പൊലീസിൽ കീഴടങ്ങി. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്.
അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. റിമാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. കൂടെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു.

🔹കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം.
നിമിഷ പ്രിയയെ 12 വർഷത്തിന് ശേഷമായിരിക്കും അമ്മ കാണുക. 2012ലാണ് പ്രേമകുമാരി നിമിഷ പ്രിയയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
2012ലാ​ണ് നി​മി​ഷ പ്രി​യ യെ​മ​നി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​ക്കു പോ​യ​ത്. ഭ​ര്‍​ത്താ​വ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലും നി​മി​ഷ ക്ലി​നി​ക്കി​ലും ജോ​ലി നേ​ടി. യെ​മ​ന്‍ പൗ​ര​നാ​യ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​രു​വ​രും ചേ​ര്‍​ന്ന് ക​ച്ച​വ​ട​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്ലി​നി​ക്ക് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ‌‌​യ്തു. യെ​മ​ന്‍ പൗ​ര​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യ​ല്ലാ​തെ ക്ലി​നി​ക്ക് ആ​രം​ഭി​ക്കാ​നാ​കി​ല്ല എ​ന്ന​തി​നാ​ലാ​ണ് മ​ഹ്ദി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. ബി​സി​ന​സ് തു​ട​ങ്ങാ​ന്‍ നി​മി​ഷ​യും ഭ​ര്‍​ത്താ​വും ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​മെ​ല്ലാം മ​ഹ്ദി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​ട​യ്ക്ക് ഇ​വ​ര്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നി​മി​ഷ പ്രി​യ മാ​ത്ര​മാ​ണ് യെ​മ​നി​ലേ​ക്കു പോ​യ​ത്. തു​ട​ര്‍​ന്ന് ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യി​ല്‍ ​നി​ന്നു​ണ്ടാ​യ മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ത്തി​ല്‍​ നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി 2017ല്‍ ​മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് നി​മി​ഷ​പ്രി​യ​യ്‌​ക്കെ​തി​രേ​യു​ള്ള കേ​സ്.

🔹കരിപ്പൂരില്‍നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള എയര്‍ ഏഷ്യ വിമാനം ഓഗസ്റ്റ് രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങും. ഓഗസ്റ്റ് ഒന്നിന് രാത്രി ക്വാലാലംപൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്ന വിമാനം 11.25-ന് കരിപ്പൂരിലെത്തും. പുലര്‍ച്ചെ 12.10- ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. രാവിലെ ഏഴിന് ക്വാലാലംപൂരിലെത്തും.
ആദ്യസര്‍വീസില്‍ ക്വാലാലംപൂരില്‍നിന്ന് കരിപ്പൂരിലേക്കുള്ള ടിക്കറ്റിന് 5481 രൂപയും തിരികെയുള്ള ടിക്കറ്റിന് 5982 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൊച്ചിയില്‍നിന്നുള്ള നിരക്കിനോടടുത്ത തുകയാണിത്. ബുക്കിങ് ഏജന്‍സികള്‍ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ഏഷ്യയ്ക്ക് കരിപ്പൂരില്‍നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കരിപ്പൂരില്‍നിന്നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വാലാലംപൂരില്‍നിന്നും. ഗള്‍ഫ് സെക്ടറിനുപുറത്ത്, കരിപ്പൂരില്‍നിന്നുള്ള ആദ്യസര്‍വീസാണിത്. വിനോദസഞ്ചാരികളാണ് ക്വാലാലംപൂരിലേക്ക് കൂടുതലായും പോകുന്നത്.

🔹കണ്ണൂർ: യാത്രത്തിരക്ക് കുറയ്ക്കാൻ ശനിയാഴ്ചകളിൽ ഓടിക്കാൻ തീരുമാനിച്ച മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) ഒറ്റ സർവീസോടെ റെയിൽവേ നിർത്തി. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയായിരുന്നു വണ്ടി പ്രഖ്യാപിച്ചത്. 20-ന് ഓടിക്കുകയും ചെയ്തു. എന്നാൽ വണ്ടിയുടെ തുടർന്നുള്ള ആറ് സർവീസ് പൊടുന്നന്നെ ചൊവ്വാഴ്ച റദ്ദാക്കി. പക്ഷേ, യാത്രക്കാരെ പറ്റിച്ച് ചൊവ്വാഴ്ച ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തുടരുകയും ചെയ്തു. നിരവധി യാത്രക്കാർ ഇല്ലാത്ത വണ്ടിക്ക് ഓൺലൈനിൽ ടിക്കറ്റ് എടുത്തിട്ടുണ്ട്. റിസർവേഷനിലും സമയത്തിലും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് പ്രത്യേക വണ്ടി ആരംഭിച്ചതെന്ന് ആദ്യം തന്നെ പരാതി ഉയർന്നിരുന്നു. വണ്ടിയുടെ ആദ്യ സർവീസിലും ബുക്കിങ് പ്രശ്നം സംഭവിച്ചു. 20-ന് കോട്ടയത്തുനിന്ന് മംഗളൂരുവിലേക്കുള്ള സർവീസിന്റെ റിസർവേഷൻ ഓൺലൈനിൽ ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. എന്നാൽ സ്റ്റേഷൻ കൗണ്ടറിൽ ടിക്കറ്റ് ലഭിക്കുകയും ചെയ്തു. റെയിൽവേ സർവറിന്റെ തകരാർ പിന്നീട് പരിഹരിച്ചു.
21 കോച്ചുള്ള വണ്ടിയിൽ 19 എണ്ണം സ്ലീപ്പർ കോച്ചാണ്. ഇതിൽ ഉയർന്ന നിരക്കാണ് ഈടാക്കിയത്. ആറ് സ്റ്റോപ്പുകൾ മാത്രം അനുവദിച്ച വണ്ടിയുടെ സമയക്രമീകരണവും യാത്രക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ബഫർ സമയം കൊടുത്തതിനാൽ സ്റ്റേഷനുകളിൽ മണിക്കുറുകളോളം പിടിച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ 10.30-ന മംഗളൂരുവിൽനിന്ന് പുറപ്പെട്ട് രാത്രി 7.30-ന് കോട്ടയത്ത് എത്തുന്നതായിരുന്നു സമയം. ശനിയാഴ്ച രാത്രി 09.45-ന് തിരിച്ച് പുറപ്പെടും. ഞായറാഴ്ച രാവിലെ 6.55-ന് മംഗളൂരുവിൽ എത്തുന്നതായിരുന്നു സമയം.

🔹കേരളത്തിന്റെ ക്ഷേമപെന്‍ഷന്‍, സര്‍വീസ് പെന്‍ഷന്‍, ശമ്പള കുടിശ്ശികകള്‍ മുഴുവന്‍ കൊടുത്ത് തീര്‍ക്കണമെന്ന് തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രം ഇനി പണം അനുവദിക്കുമ്പോള്‍ പെന്‍ഷന്‍, ശമ്പളം തുടങ്ങിയ കുടിശികകള്‍ ആദ്യം കൊടുത്തു തീര്‍ക്കണമെന്ന് നിബന്ധന വയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കി.

🔹ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റെയില്‍വെ കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിന്‍ സര്‍വീസ് നടത്തുക.

🔹കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യ നിരോധനം. ഇന്ന് വൈകിട്ട് 6 മണി മുതല്‍ സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും രണ്ടുദിവസത്തേക്ക് അടച്ചിട്ടും. ഇന്ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍, 26 ന് വൈകിട്ട് 6 മണിക്ക് ശേഷം മാത്രമേ തുറക്കുകയുള്ളു. ഫലമറിയുന്ന ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

🔹മലപ്പുറം: ആത്മഹത്യ ചെയ്യാൻ തെങ്ങിൽ കയറിയയാളെ രക്ഷിക്കാനെത്തി അ​ഗ്നിശമന സേന. അനന്താവൂർ മേടിപ്പാറ സ്വദേശി തയ്യിൽ കോതകത്ത് മുഹമ്മദാണ് കൻമനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുളള പറമ്പിലെ തെങ്ങിൽ കയറിയത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാമെന്നായി. എന്നാൽ തെങ്ങിൽ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല. ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അ​ഗ്നിശമന സേന വന്നാണ് രക്ഷപ്പെടുത്തിയത്.

🔹തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം . കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി. വളരെ ലാഘവത്തോടെയാണ് റെയില്‍ പൊലീസ് പെരുമാറിയതെന്ന് ടിടിഇ ആരോപിച്ചു. ട്രെയിനില്‍ കൂടെ വരാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും വനിതാ ടിടിഇ കുറ്റപ്പെടുത്തി.

🔹കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പരവൂര്‍ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി അബ്ദുള്‍ ജലീലിനേയും എ പി പി ശ്യാം കൃഷ്ണയേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

🔹രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പി വി അന്‍വറിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന പരാമര്‍ശത്തില്‍ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡണ്ടാണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

🔹പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പൊലീസില്‍ പരാതി ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ആണ് പരാതിക്കാരന്‍. കോണ്‍ഗ്രസ് ആദ്യ പരിഗണന നല്‍കുന്നത് മുസ്ലിങ്ങള്‍ക്കാണെന്നാണ് മോദി രാജസ്ഥാനിലെ റാലിയില്‍ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകള്‍.

🔹ലൈംഗിക അതിക്രമ പരാതിയില്‍ ചെന്നൈയിലെ ‘കലാക്ഷേത്രയില്‍’ മലയാളി അധ്യാപകന്‍ അറസ്റ്റിലായി. കലാക്ഷേത്രയിലെ അധ്യാപകന്‍ ഷീജിത്ത് കൃഷ്ണ (54) ആണ് അറസ്റ്റില്‍ ആയത്. 2007ല്‍ കലാക്ഷേത്രയില്‍ പഠിച്ച വിദേശത്തുള്ള യുവതി ഓണ്‍ലൈന്‍ വഴിയാണ് ഹൈക്കോടതിക്ക് പരാതി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.

🔹ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ആറ് വിക്കറ്റിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 60 പന്തില്‍ പുറത്താകാതെ 108 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്കവാദിന്റേയും 27 പന്തില്‍ 66 റണ്‍സെടുത്ത ശിവം ദുബെയുടേയും കരുത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 63 പന്തില്‍ പുറത്താകാതെ 124 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിന്റെ കരുത്തില്‍ ലക്ഷ്യത്തിലെത്തി.

🔹സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ എന്ന സിനിമയുടെ ചിത്രീകരണം അങ്കമാലിയില്‍ പൂര്‍ത്തിയായി. സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിറാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാര്‍, സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൈജു കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എ ബി ഈണം പകരുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments