വാഷിങ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ജോ ബൈഡൻ ഡോണൾഡ് ട്രംപ് പോരിന് കളമൊരുങ്ങുന്നു. ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകാനും ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയാകാനും സാധ്യതയേറി. 15 സംസ്ഥാനങ്ങളിൽ ഇരുപാര്‍ടികളിലും നടന്ന ഹിതപരിശോധനയില്‍ (സൂപ്പർ ട്യൂസ്‌ഡേ) ഇരുവരും സ്വന്തം പാര്‍ടികളിലെ സ്ഥാനാര്‍ഥി മോഹികളേക്കാള്‍ മുന്നില്‍.
15 ഇടത്തും ബൈഡൻ വിജയിച്ചപ്പോൾ ട്രംപ് ഒരിടത്ത് മാത്രമാണ് പിന്നിലായത്. റിപ്പബ്ലിക്കന്‍ പാര്‍ടിയില്‍ ട്രംപിനെതിരെ പോരിനിറങ്ങിയ ഇന്ത്യൻ വംശജ നിക്കി ഹേലിക്ക് വെർമൗണ്ടി സംസ്ഥാനത്ത് മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്. ഇതോടെ മത്സരരംഗത്തു നിന്ന് അവര്‍ പിന്മാറി.
നേരത്തേ വാഷിങ്‌ടൺ ഡിസി പ്രൈമറിയിലും നിക്കി വിജയിച്ചിരുന്നു. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി ഉൾപ്പെടെയുള്ളവർ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആദ്യ ഘട്ടത്തിൽ തന്നെ പിൻമാറി.