ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ.ഡി നോട്ടിസ്. മദ്യനയ അഴിമതിക്കേസിലാണു നടപടി. ഇതു നാലാമത്തെ നോട്ടിസ് ആണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ മാസം 18ന് ചോദ്യംചെയ്യലിന് ഹാജരാകാനാണു നിർദേശം.
മുൻപ് ലഭിച്ച മൂന്ന് ഇ.ഡി നോട്ടിസുകളിലും കെജ്‍രിവാള്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ നോട്ടിസിൽ ഹാജരാകാതിരുന്നത്. രണ്ടാമത്തെ തവണ ധ്യാനത്തിനു പോകുന്നുവെന്നാണു കാരണമായി പറഞ്ഞത്. മൂന്നാമത്തെ നോട്ടിസ് നിയമപ്രകാരമല്ലെന്നും തനിക്കെതിരെ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും പറഞ്ഞ് ഹാജരാകാനാകില്ലെന്ന് കെജ്‍രിവാള്‍ വ്യക്തമാക്കി. രാഷ്ട്രീയവേട്ടയാണു നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഇ.ഡി ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അറസ്റ്റ് നീക്കം വെളിപ്പെടുത്തി രംഗത്തെത്തിയത്. കെജ്‍രിവാളിന്‍റെ വീട്ടിൽ റെഡ് നടത്താനും ആപ് നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു.