ന്യൂഡല്‍ഹി/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. കരിമണല്‍ കമ്പനി സി.എം.ആര്‍.എല്ലുമായി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനുള്ള ബന്ധം അന്വേഷിക്കാൻ കേന്ദ്രം ഉത്തരവിട്ടു. കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണം. മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കമ്പനി വീണയുടെ കമ്പനിക്ക് നൽകിയ തുകയെക്കുറിച്ചായിരിക്കും അന്വേഷിക്കുക. നാലു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ നിര്‍ദേശമുണ്ട്. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനിസ്(ആർ.ഒ.സി) വരുൺ ബി.എസ്, ചെന്നൈ വിഭാഗം ഡയരക്ടർ കെ.എം ശങ്കർ നാരായൺ, പുതുച്ചേരി ആർ.ഒ.സി എ. ഗോകുൽനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടത്.
2017ലാണ് എക്‌സാലോജിക്കും സി.എം.ആർ.എല്ലും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പുവച്ചത്. കരാർ പ്രകാരമാണ് വീണയ്ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സി.എം.ആർ.എൽ നൽകിവന്നിരുന്നത്. എന്നാൽ, പണം നൽകിയ ഈ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനങ്ങൾ സി.എം.ആർ.എല്ലിനു നൽകിയിട്ടില്ലെിന്നു കണ്ടെത്തലുണ്ടായിരുന്നു.
സി.എം.ആർ.എൽ ഡയരക്ടർ ശശിധരൻ കർത്ത ആദായ നികുതി തർക്ക പരിഹാര ബോർഡിനു നൽകിയ മൊഴിയാണ് കണ്ടെത്തലിന്റെ അടിസ്ഥാനം. 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്‌സാലോജിക്കിനു നൽകിയതായാണ് റിപ്പോർട്ട്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണു പണമിടപാട് നടന്നത്.