കൊച്ചി: കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്ഐഎൻസി) രണ്ട് പുതിയ ബാർജുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം എത്തിക്കുന്നതിനുള്ള പൊസൈഡൺ ഓയിൽ ടാങ്കർ ബാർജിന്റെയും വ്യവസായ സ്ഥാപനങ്ങളിലേക്ക് ജലമാർഗം ആസിഡ് വിതരണം ചെയ്യുന്നതിനുള്ള ലക്ഷ്മി ആസിഡ് ബാർജിന്റെയും പ്രവർത്തനമാണ് ഉദ്ഘാടനം ചെയ്തത്. കെഎസ്ഐഎൻസിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
15.34 കോടി ചെലവിട്ട് ഗോവ വിജയ് മറൈൻഷിപ് യാർഡിലാണ് 1400 മെട്രിക് ടൺ ശേഷിയുള്ള പൊസൈഡൺ ബാർജ് നിർമിച്ചത്. ഇതിൽ 12.32 കോടി സംസ്ഥാന സർക്കാർ ലഭ്യമാക്കി. മൂന്നുകോടി രൂപ സർക്കാർ വിഹിതത്തോടെ 4.50 കോടി രൂപ ചെലവിൽ കെഎസ്ഐഎൻസിയുടെ തോപ്പുംപടിയിലുള്ള സ്വന്തം യാർഡിലാണ് 300 മെട്രിക് ടൺ ശേഷിയുള്ള ലക്ഷ്‌മി ആസിഡ് ബാർജ് നിർമിച്ചത്. ആദ്യഘട്ടത്തിൽ ഫാക്ടിലേക്കായിരിക്കും ഇത് ആസിഡ് വിതരണം ചെയ്യുക. തുടർന്ന് മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കും. ബാർജുകളുടെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച വിജയ് മറൈൻ സർവീസസ് ഷിപ്‌യാർഡ് എംഡി സൂരജ് ഖിലാനിക്കും കൃഷ്ണ മറൈൻ കമ്പനി മാനേജിങ് പാർട്ണർ അനന്തകൃഷ്ണനും മുഖ്യമന്ത്രി ഉപഹാരം കൈമാറി.
വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, ടി ജെ വിനോദ്, മേയർ എം അനിൽകുമാർ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്‌ബർ, ജില്ലാപഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെൽമ ഹൈസന്റ്, വാർഡ് അംഗം നിക്കോളാസ് ഡിക്കോത്ത്, കെഎസ്ഐഎൻസി ചെയർമാൻ കെ ടി ചാക്കോ, എംഡി ആർ ഗിരിജ തുടങ്ങിയവരും പങ്കെടുത്തു.