Friday, September 13, 2024
HomeKeralaസംസ്ഥാനത്തെ ആദ്യ നഴ്സിങ് സ്‌കൂളിന്‌ ‘100’ ; ശതാബ്‌ദി ആഘോഷം മുഖ്യമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാനത്തെ ആദ്യ നഴ്സിങ് സ്‌കൂളിന്‌ ‘100’ ; ശതാബ്‌ദി ആഘോഷം മുഖ്യമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും.

കൊച്ചി : കേരളത്തിലെ ആദ്യ നഴ്സിങ് സ്കൂളായ എറണാകുളം ​ഗവ. നഴ്സിങ് സ്കൂളിന്റെ ശതാബ്‌ദി ആഘോഷം ‘ശതസ്‌മൃതി 2024’ ചൊവ്വാഴ്‌ച തുടക്കമാകും. 100 ദിവസത്തെ ആഘോഷപരിപാടികൾ ചൊവ്വ രാവിലെ 10.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയാകും. വ്യവസായമന്ത്രി പി രാജീവ്‌ സുവനീർ പ്രകാശിപ്പിക്കും.

ഇറ്റലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “സിസ്‌റ്റേഴ്‌സ്‌ ഓഫ് ചാരിറ്റി സന്ന്യാസി സമൂഹ’ത്തിലെ സിസ്റ്റർമാരായ ഗബ്രിയേൽ, എർമിനിയ, പിയറിന, ടയോറിസിസ്‌ എന്നിവർ 1922ൽ കേരളത്തിലെത്തിയാണ്‌ നഴ്‌സിങ്‌ സ്‌കൂൾ ആരംഭിച്ചത്‌. ആതുരസേവനരം​ഗത്ത് പരിശീലനം നേടിയ നഴ്സുമാരെ ജനറൽ ആശുപത്രിയിൽ കൊണ്ടുവരണമെന്ന്‌ കൊച്ചി രാജാവ് രാമവർമ, വരാപ്പുഴ അതിരൂപതയിലേക്ക് കത്തയച്ചു. ഇതേത്തുടർന്ന്‌, അന്ന് റോമിൽ പഠിച്ചിരുന്ന വരാപ്പുഴ ആർച്ച്‌ ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി അടക്കമുള്ളവരുടെ അഭ്യർഥനപ്രകാരമാണ് സിസ്റ്റർമാർ എറണാകുളത്തേക്ക് വന്നത്. ആതുരസേവനത്തിൽ താൽപ്പര്യമുള്ളവർക്ക് അവർ പരിശീലനം നൽകി. രണ്ടുവർഷം കഴിഞ്ഞ് 1924ൽ ഗവ. നഴ്സിങ് സ്കൂൾ ഔദ്യോഗികമായി ആരംഭിച്ചു. 1927ലാണ് സിലബസ് നിലവിൽ വന്നത്. 22 വർഷത്തോളം സിസ്‌റ്റർമാർ സേവനം തുടർന്നു. ലൂർദ് ആശുപത്രി സ്ഥാപിച്ചപ്പോൾ സേവനം അവിടേക്ക് മാറ്റി. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരത്തോടെ 1957ൽ എറണാകുളം ​ഗവ. നഴ്സിങ് സ്കൂളിൽനിന്ന് ആദ്യ ബാച്ച് പുറത്തിറങ്ങി.1978 മുതൽ ജില്ലാ മെഡിക്കൽ ഓഫീസർ നേരിട്ടാണ് അഡ്മിഷൻ നടത്തുന്നത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച നഴ്സിങ് സ്കൂളിന്‌ ഇന്ന് രണ്ട് മന്ദിരങ്ങളുണ്ട്‌.

ജില്ലയിൽനിന്നുള്ളവർക്കുമാത്രമാണ് പ്രവേശനം. ജനറൽ നഴ്സിങ്ങിന്റെ മൂന്നുവർഷം കാലാവധിയുള്ള കോഴ്സാണ്‌ ഇവിടെയുള്ളത്. 32 സീറ്റായിരുന്നത് 2023 ഒക്‌ടോബറിൽ 40 സീറ്റാക്കി. ഇതിൽ ആറുസീറ്റ് ആൺകുട്ടികൾക്കും ഒരു സീറ്റുവീതം ആൻഡമാൻ, ലക്ഷദ്വീപുകാർക്കുമാണ്‌. പി സി ഗീതയാണ്‌ ഇപ്പോഴത്തെ പ്രിൻസിപ്പൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments